ന്യൂദല്‍ഹി-ദല്‍ഹിയില്‍ മകളെ കമന്റടിച്ചതിനെ ചോദ്യം ചെയ്ത ബിസിനസുകാരനെ കുട്ടികളും അച്ഛനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ദല്‍ഹയിലെ മോത്തി നഗറില്‍ സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ 52-കാരനെ രക്ഷപ്പെടുത്തുന്നതിനു പകരം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പറയുന്നു. കൊല്ലപ്പെട്ടയാളുടെ 19 വയസ്സായ മകന് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തതായും 20 കാരനേയും 45 കാരനായ പിതാവിനേയും അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് അറിയിച്ചു. മുഖ്യപ്രതിയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
27 കാരിയായ മകളോടൊപ്പം ബിസിനസുകാരന്‍ ബൈക്കില്‍ വരുമ്പോഴാണ് വഴിയിലുണ്ടായിരുന്ന ആണ്‍കുട്ടികള്‍ കമന്റടിച്ചത്. തലവേദനയെ തുടര്‍ന്ന് മകളെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു. മകളെ വീട്ടിലാക്കി കുട്ടികളുടെ അച്ഛനോട് പരാതി പറയാന്‍ ചെന്നപ്പോഴാണ് ബിസിനസുകാരനും മകനും ആക്രമിക്കപ്പെട്ടത്.
ബഹളം കേട്ട് സമീപത്തെ വീടുകളില്‍നിന്ന് ഇറങ്ങിവന്നവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും എല്ലാവരും മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നും ബിസിനസുകാരന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടു.