ഖണ്ട് വ- ഹിന്ദു മതത്തിന്റെ നിറമായ കാവിയെ ഭീകരതയോട് കൂട്ടിക്കൊട്ടിയ പാപത്തില്‍നിന്ന് കോണ്‍ഗ്രസിനും ദുഷിച്ച സഖ്യകക്ഷികള്‍ക്കും ഒരിക്കലും മോചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശിലെ ഖണ്ട്വയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതപാരമ്പര്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കോണ്‍ഗ്രസ് ഹിന്ദു ഭീകരതയെന്ന ആരോപണം ഉന്നയിച്ചത്. ഭീകരതയുടെ പേരുപറഞ്ഞ് ഹിന്ദു മതത്തിന്റെ നിറമായ കാവിയെ അപമാനിക്കുകയാണ് ചെയ്യുന്നത്. എത്ര രക്ഷ ജപിച്ചു കെട്ടിയാലും കോണ്‍ഗ്രസിനും അവരുടെ ദുഷിച്ച സഖ്യകക്ഷികള്‍ക്കും ആ പാപത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല- മോഡി പറഞ്ഞു.
സിഖ് വിരുദ്ധ കലാപം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞതു കഴിഞ്ഞുവെന്ന പരാമര്‍ശത്തിലൂടെ പ്രതിപക്ഷ പാര്‍ട്ടിയുടെ മനഃസ്ഥിതിയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും കള്ളത്തരങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.