ഭുവനേശ്വര്‍- ഫോനി ചുഴലിക്കറ്റ് തകര്‍ത്തെറിഞ്ഞ ഒഡീഷയിലെ തീരദേശ മേഖലകളില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും വെള്ളവും വൈദ്യുതിയും മറ്റു സഹായങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ദുരിതാശ്വാസ വസ്തുക്കള്‍ ആളുകളിയിലെത്തിയില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒഡീഷ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ സജീവമാണെങ്കിലും ഒരാഴ്ചയിലേറെയായി ഇതു പൂര്‍ത്തിയാക്കാനായിട്ടില്ല. കടുത്ത ചൂടും കുടിവെള്ള ലഭ്യത കുറയുകയും ചെയ്തതോടെ പലയിടത്തും വെള്ളിയാഴ്ച ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. റോഡുകളും ഉപരോധിച്ചു.
തലസ്ഥാനമായി ഭുവനേശ്വറില്‍ നാലര ലക്ഷത്തിലേറെ വൈദ്യുതി കണക്ഷനുകളില്‍ പകുതിയോളം മാത്രമെ പുനസ്ഥാപിക്കാനായിട്ടുള്ളൂ. ഉടന്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗാരേജ് ഛാക്കില്‍ വന്‍ ജനക്കൂട്ടം റോഡ് ഉപരോധിച്ചുവെന്ന് പോലീസ് പറഞ്ഞു. മേയ് മൂന്നിനുണ്ടായ ചുഴലിക്കാറ്റില്‍ ഭുവനേശ്വറില്‍ മാത്രം 1.56 ലക്ഷം വൈദ്യുതി കാലുകളാണ് കടപുഴകിയത്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി സപ്ലൈ യുട്ടിലിറ്റി ഓഫീസ് നേരെ പ്രതിഷേധക്കാരുടെ ആക്രമണ ശ്രമവും ഉണ്ടായി.
ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പുരി, കട്ടക്ക്, ഖുര്‍ദ, ജഗത്സിങ്പൂര്‍, കേന്ദ്രപാറ ജില്ലകളില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് അവധി ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 14 ജില്ലകളിലായി ഒന്നര കോടിയിലേറെ ജനങ്ങളെയാണ് ദുരന്തം ബാധിച്ചത്. വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കു പുറമെ ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഇവിടങ്ങളില്‍ താറുമാറായിട്ടുണ്ട്.