യു.പിയിൽ വിവാഹം മുടക്കാൻ സ്ത്രീധനത്തിനു പുറമെ ബീഫും
റാംപുർ- ഉത്തർപ്രദേശിൽ സ്ത്രീധനത്തിനു പുറമെ ബീഫും വിവാഹം മുടക്കുന്ന കാര്യത്തിൽ വില്ലനാകുന്നു. സൽക്കാരത്തിൽ ബീഫ് വിളമ്പാൻ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഒരു വിവാഹം മുടങ്ങി. കഴിഞ്ഞ ഏപിലിൽ വിവാഹ സൽക്കാരത്തിൽ ഒരു തരത്തിലുള്ള മാംസവും വിളമ്പില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വരൻ വിവാഹം ഉപേക്ഷിച്ചിരുന്നു.
പുതിയ സംഭവം റാംപുരിലെ ദരിയാദഢിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവാഹത്തിന് ബീഫ് വിളമ്പണമെന്ന വരന്റെ വീട്ടുകാരുടെ ആവശ്യം വധുവിന്റെ വീട്ടുകാർക്ക് നടപ്പക്കാനാവാത്തതിനെ തുടർന്നാണ് ഇവിടെ വിവാഹം മുടങ്ങിയത്. സൽക്കാരത്തിന് ബീഫ് വിളമ്പാനാകില്ലെങ്കിൽ വിവാഹത്തിൽനിന്ന് പിന്മാറണമെന്ന വരന്റെ വീട്ടുകാരുടെ ആവശ്യം വധുവിന്റെ വീട്ടുകാർ അംഗീകരിക്കുകയായിരുന്നു.
ഉത്തർപ്രദേശിൽ ബീഫ് നിരോധിച്ച കാര്യം വ്യക്തമായി അറിയാമായിരുന്നിട്ടും ബീഫ് വിളമ്പണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് വധുവിന്റെ കുടുംബം കുറ്റപ്പെടുത്തി. ബീഫിനു പുറമെ, സ്ത്രീധനമായി കാർ നൽകണമെന്നും വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. വരന്റെ കുടുംബവുമായി ഒത്തുതീർപ്പു ചർച്ചകൾ നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടർന്നാണ് വിവാഹത്തിൽനിന്ന് പിന്മാറിയത്.
ബീഫിനെതിരായ നീക്കം സർക്കാരും ഹിന്ദുത്വ സംഘടനകളും ശക്തമാക്കിയതിനെ തുടർന്നാണ് വിവാഹ സൽക്കാരങ്ങൾ പ്രതിസന്ധിയിലായത്. ബീഫില്ലാതെ എന്തു കല്യാണ പാർട്ടിയെന്നാണ് വരന്മാരുടെയും കുടുംബക്കാരുടെയും ചോദ്യം.