ന്യൂദല്‍ഹി- റഫാല്‍ പോര്‍വിമാന വാങ്ങുന്നതിനുള്ള കരാര്‍ ദേശീയ സുരക്ഷ സംബന്ധിച്ച വിഷയമാണെന്നും ലോകത്തൊരിടത്തും ഇത്തരം പ്രതിരോധ കരാറുകള്‍ കോടതി പരിശോധിക്കാറില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. റഫാല്‍ ഇടപാടിലെ അഴിമതി ചോദ്യം ചെയ്ത് സമര്‍പിച്ച പുനപ്പരിശോധനാ ഹരജി പരിഗണിക്കവെയാണ് കേന്ദ്രത്തിന്റെ വാദം. റഫാല്‍ പോര്‍വിമാനം അലങ്കാനരത്തിനല്ല. നാം ഓരോരുത്തരുടേയും സംരക്ഷണത്തിന് വേണ്ടി അത്യാവശ്യമായ ഒന്നാണ്. ലോകത്തൊരിടത്തും ഇത്തരം വിഷയങ്ങള്‍ കോടതിയില്‍ പരിശോധിക്കാറില്ല- കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതി മുമ്പാകെ പറഞ്ഞു.
റഫാല്‍ കേസിലെ മൂന്ന് ഹരജിക്കാരുടേയും വാദം നേരത്തെ കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റി. ഇരു കക്ഷികളും രണ്ടാഴ്ചയ്ക്കകം രേഖാ മൂലമുള്ള സബ്മിഷന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. റഫാല്‍ കരാര്‍ സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ ഡിസംബര്‍ 14-നെ വിധി പുനപ്പരിശോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.