ബെംഗളുരു- ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയെ മറനീക്കി പുറത്തു കൊണ്ടുവന്ന 2006-നും 2008നും ഇടയിലുണ്ടായ മാലേഗാവ്, സംഝോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ സഫോടനക്കേസുകളില്‍ പ്രതികളായ, ഇപ്പോഴും മുങ്ങി നടക്കുന്ന നാലു പേര് രാജ്യത്ത് പലയിടത്തും ബോംബ് നിര്‍മാണ ക്യാമ്പുകളും രഹസ്യ പരിശീലനങ്ങളും സംഘടിപ്പിച്ചെന്ന് കര്‍ണാടക പോലീസിന്റെ കണ്ടെത്തല്‍. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ തീവ്രവാദ സംഘടയുമായി ബന്ധമുള്ള നിരവധി പ്രതികള്‍ക്കാണ് ഇവര്‍ 2011-നും 2016-നുമിടയില്‍ രഹസ്യ ക്യാമ്പുകള്‍ നടത്തിയതെന്ന് കണ്ടെത്തിയതായി മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബെംഗളുരു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
രഹസ്യ ബോംബു നിര്‍മാണ പരിശീലനം സംഘടിപ്പിച്ച നാലു പേരില്‍ നിരവധി സ്ഫോടനക്കേസുകളില്‍ പ്രതികളായ രാംജി കല്‍സങ്കരെ, സന്ദീപ് ഡാങ്കെ എന്നീ ഹിന്ദുത്വ ഭീകരരും ഉള്‍പ്പെടും. 2008-ലെ മാലേഗാവ് സ്ഫോടനക്കേസില്‍ ഇവരോടൊപ്പം കൂട്ടുപ്രതിയായ ഇപ്പോള്‍ ഭോപാല്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂറിനു ഇരുവരുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ട ഈ രണ്ടു പേരും വര്‍ഷങ്ങളായി അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് മുങ്ങി നടക്കുകയാണ്.
ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള മൂന്നു പേരേയാണ് എസ്ഐടി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ മൂന്നു പേരും രഹസ്യ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്ത മറ്റു നാലു പേരും ബോംബ് നിര്‍മാണ ക്യാമ്പുകളില്‍ ബാബാജി എന്നു വിളിക്കുന്ന ഒരാളും ഗുരുജിമാരെന്ന് വിളിക്കുന്ന നാലുപേരും പങ്കെടുത്തിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എസ്ഐടിയുടെ അന്വേഷണ രേഖകളില്‍ പറയുന്നു. ഇവരില്‍ ബാബാജി എന്നു വിളിക്കപ്പെടുന്നയാള്‍ മലയാളിയും അഭിനവ് ഭാരത് അംഗവും അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ് പ്രതിയുമായ സുരേഷ് നായരാണെന്ന് തെളിഞ്ഞിട്ടുണ്ട്. അജ്മീര്‍ ദര്‍ഗ സ്ഫോടനത്തിനു ശേഷം 11 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന സുരേഷ് നായരെ 2018 നവംബറില്‍ അറസ്റ്റ് ചെയ്തതോടെയാണ് ഇയാളാണ് ബാബാജി എന്നു തെളിഞ്ഞത്.
രാംജി കല്‍സങ്കരെ, സന്ദീപ് ഡാങ്കെ, അശ്വിനി ചൗഹാന് എന്നിവരാണ് സനാതന്‍ സന്‍സ്ത സംഘടിപ്പിച്ച ബോംബ് നിര്‍മാണ പരിശീലന ക്യാമ്പില്‍ പ്രധാനികളായിരുന്ന വിദഗ്ധരെന്നും സുരേഷ് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം ഹിന്ദുത്വര്‍ നടത്തിയ സ്ഫോടനക്കേസുകളില്‍ പ്രതികളാണ്. ഈ ക്യാമ്പില്‍ പങ്കെടുത്ത അഞ്ചാമനായ വിദഗ്ധന്‍ ബംഗാളിലെ ഹിന്ദുത്വ തീവ്രവാദ സംഘടനായ ഭവാനി സേനയുമായി ബന്ധമുള്ള പ്രതാപ് ഹസ്റ എന്നയാളാണെന്നും ഗൗരി ലങ്കേഷ് വധക്കേസ് പ്രതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
2006നും 2008നുമിടയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ സ്ഫോടനങ്ങളില്‍ 117 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസുകളിലെ പ്രതികള്‍ക്ക് ഗൗരി ലങ്കേഷ് വധക്കേസുമായുള്ള ബന്ധം കഴിഞ്ഞ ഏതാനും മാസങ്ങല്ക്കിടെയാണ് കേസ് അന്വേഷിക്കുന്ന എസ്ഐടി പുറത്തു കൊണ്ടുവന്നത്.