Sorry, you need to enable JavaScript to visit this website.

ഭോപാലില്‍ കോണ്‍ഗ്രസ് റോഡ് ഷോയ്ക്കിടെ കാവി ഷാളണിഞ്ഞ് പോലീസുകാര്‍; വിവാദം

ഭോപാല്‍- രാഷ്ട്രീയ പരിപാടിക്കിടെ ഭോപാലില്‍ സിവിൽ വേഷത്തിലുള്ള പോലീസുകാര്‍ കാവി നിറത്തിലുള്ള ഷാളണിഞ്ഞത് വിവാദമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‌വിജയ സിങിന്റെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. ബിജെപി മന്ത്രി പദവി നല്‍കിയ ആള്‍ദൈവം കംപ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗിയും റോഡ്‌ഷോയില്‍ ദിഗ്‌വിജയ സിംഗിനെ അനുഗമിച്ചു. ഒരു പോലീസുകാരനും കാവി ഷാള്‍ അണിഞ്ഞിട്ടില്ലെന്ന് ഭോപാല്‍ ഡിഐജി പ്രതികരിച്ചെങ്കിലും വിവാദത്തില്‍ വ്യക്തതയില്ല. തങ്ങളെ കാവി ഷാള്‍ അണിയിക്കുകയായിരുന്നെന്നും എതിര്‍ത്തിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

എന്നാല്‍ കാവി ഷാള്‍ അണിഞ്ഞുള്ള ക്രമീകരണം സുരക്ഷാ നടപടികളുടെ ഭാഗമായിരുന്നുവെന്നും ഇത് ്അംഗീകൃത നടപടിക്രമമാണെന്നും പോലീസ് പറഞ്ഞതായി ഇന്ത്യാ ടുഡെ ടിവി റിപോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം നടക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂറിന്റെ റോഡ് ഷോയ്ക്കു മുന്നോടിയായുള്ള പരിശീലനം നടത്തിയതാണെന്നും പോലീസ് പറയുന്നു.

പോലീസും സംഘാടകരും വളണ്ടിയര്‍മാരെ പരിപാടിക്കെത്തിച്ചിരുന്നുവെന്നും എന്നാല്‍ വളണ്ടിയര്‍മാര്‍ എന്തു ധരിക്കണമെന്ന് പോലീസിനു തീരുമാനിക്കാനാവില്ലെന്നും ഡിഐജി പറഞ്ഞു. 

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും തീപ്പൊരു ഹിന്ദുത്വ നേതാവുമായ പ്രജ്ഞ ഠാക്കൂറിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ സിങിനെ പിന്തുണച്ച് കംപ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സന്യാസികളും ബുധനാഴ്ച റോഡ് ഷോയ്‌ക്കെത്തി. രാമ ക്ഷേത്രത്തിന്റെ പേരില്‍ ബിജെപി ജനങ്ങളെ വിഡ്ഢികളാക്കിയെന്നാരോപിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കംപ്യൂട്ടര്‍ ബാബ. ദിഗ്വിജയ സിങിനു വേണ്ടി പ്രചാരണം നടത്താന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് 7000 സന്യാസിമാരെ ഭോപാലില്‍ എത്തിക്കുമെന്നും നേരത്തെ കംപ്യൂട്ടര്‍ ബാബ പറഞ്ഞിരുന്നു. 

Latest News