ന്യൂദല്‍ഹി- റഫാല്‍ ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. മാപ്പപേക്ഷ സ്വീകരിച്ച് കോടതിയലക്ഷ്യ നടപടിയില്‍ നിന്നൊഴിവാക്കണമെന്നും രാഹുല്‍ സമര്‍പ്പിച്ച മൂന്ന് പേജുള്ള സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. റഫാല്‍ വിധി പുനപ്പരിശോധനാ ഹരജിയിലെ സുപ്രീം കോടതി ഉത്തരവ് മനപ്പൂര്‍വമല്ലാതെയും അശ്രദ്ധയോടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ തന്റെ രാഷ്ട്രീയ മുദ്രാവാക്യവുമായി ബന്ധിപ്പിച്ചതിന് നിരുപാധികം മാപ്പ് നല്‍കണമെന്നാണ് സത്യവാങ്മൂലത്തില്‍ രാഹുല്‍ പറഞ്ഞത്.
റഫാല്‍ ഇടപാടില്‍ പ്രധാനമനന്ത്രി നരേന്ദ്ര മോഡി അഴിമതി നടത്തിയെന്ന് കോടതി കണ്ടെത്തി എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇങ്ങനെ കോടതി പറഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി കോടതിയലക്ഷ്യ പരാതി നല്‍കിയതോടെ സുപ്രീം കോടതി രാഹുലില്‍ നിന്നു വിശദീകരണം തേടിയിരുന്നു. നേരത്തെ രണ്ടു തവണ ഖേദം പ്രകടനം നടത്തിയെങ്കിലും രാഹുല്‍ മാപ്പു പറയാത്തതിനെ തുടര്‍ന്ന് കോടതി ഇതു സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ രാഹുല്‍ നിരുപാധികം മാപ്പു പറഞ്ഞത്. ഈ കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.