ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ കൈകാര്യം ചെയ്യന്ന രീതി ചോദ്യം ചെയ്യുന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ലഭിച്ച പരാതികളില്‍ എട്ടെണ്ണത്തിലും അദ്ദേഹത്തിന്
ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കമ്മിഷന്‍ അംഗം അശോക് ലവാസ ഭൂരിപക്ഷ നിലപാടിനോടു വിയോജിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നാണ് കമ്മീഷന്‍ വിശദീകരിച്ചത്.
മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവ് നല്‍കിയ ഹരജിയാണ് സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കുന്നത്. ഇവര്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് മോഡിക്കും അമിത് ഷാക്കുമെതിരെയുള്ള പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇക്കഴിഞ്ഞ 2നു കോടതി കമ്മിഷനോടു നിര്‍ദേശിച്ചിരുന്നു. വേഗത്തില്‍ തീരുമാനമെടുത്തപ്പോള്‍ എല്ലാം മോഡിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും അനുകൂലമായി. കമ്മിഷന്‍ തീരുമാനമെടുക്കുന്ന രീതിയെ സുഷ്മിതാ ദേവ് കഴിഞ്ഞ ദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ ചോദ്യം ചെയ്യുന്നു.
മോഡിക്കും അമിത് ഷാക്കുമെതിരായ പരാതികള്‍ തള്ളിയെന്നല്ലാതെ, എന്തുകൊണ്ടു തള്ളിയെന്നു വ്യക്തമാക്കാന്‍ കമ്മീഷന്‍ തയാറായിട്ടില്ല. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം കാണുന്നില്ലെന്നാണ് കമ്മീഷന്‍ പ്രസ്താവന ഇറക്കാറുള്ളത്. ഒരേ പ്രശ്‌നത്തില്‍ കമ്മിഷന്‍ രണ്ടുതരം തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. മോഡിയും അമിത് ഷായും നടത്തിയ അതേതരം പരാമര്‍ശങ്ങളുടെ പേരില്‍ പ്രഞ്ജ സിങ് താക്കൂര്‍, യോഗി ആദിത്യനാഥ്, മേനക ഗാന്ധി, മായാവതി എന്നിവര്‍ക്കെതിരെ നടപടി എടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വിലക്കാണ് കമ്മീഷന്‍ നല്‍കുന്ന ശിക്ഷ. പല തീരുമാനങ്ങളിലും കമ്മിഷനിലെ ഒരംഗം വിയോജിച്ചിട്ടുണ്ടെങ്കിലും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
വാര്‍ധ, നാന്ദേഡ്, ലാത്തൂര്‍, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ സംബന്ധിച്ച പരാതികളിലാണ് ഭൂരിപക്ഷ തീരുമാനത്തിനെതിരെ കമ്മിഷന്‍ അംഗം അശോക് ലവാസ വിയോജിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് സംബന്ധിച്ചും ബാലാക്കോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചും നടത്തിയവയാണ് ഈ പരാമര്‍ശങ്ങള്‍. തന്റെ വിയോജിപ്പ് പരസ്യമാക്കണമെന്ന ലവാസയുടെ ആവശ്യം കമ്മിഷന്‍ നിരാകരിക്കുകയായിരുന്നു.