അഹമദ്‌നഗര്‍- കുടുംബത്തിന്റെ സമ്മതമില്ലാതെ ജാതി മാറി വിവാഹം ചെയ്ത യുവ ദമ്പതികളെ ബന്ധുക്കള്‍ തീയിട്ടു കൊല്ലാന്‍ ശ്രമിച്ചു. മാരകമായി പൊള്ളലേറ്റ് 23-കാരി മരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. യുവതിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജാതി മാറി വിവാഹം ചെയ്തതിലുള്ള ദുരഭിമാനമാണ് കൊലയ്ക്കു പ്രേരണയെന്നും പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ അഹമദ്‌നഗര്‍ ജില്ലയില്‍ മേയ് ഒന്നിനാണ് ഈ സംഭവം നടന്നത്. ഗുരതരാവസ്ഥയിലായിരുന്ന യുവതി ഞായറാഴ്ചയാണ് പുനെയിലെ ആശുപത്രിയില്‍ മരിച്ചത്. ശരീരത്തില്‍ 40 ശതമാനത്തിലേറെ പൊള്ളലേറ്റ് യുവാവ് ചികിത്സയില്‍ തുടരുകയാണെന്നും പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചു.
കൊല്ലപ്പെട്ട രുക്മിണി രമ ഭാരതിയ മറ്റൊരു ജാതിയില്‍പ്പെട്ട മങ്കേഷ് ചന്ദ്രകാന്ത് റാണാസിങിനെ ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിവാഹം ചെയ്തത്. നിര്‍മാണ തൊഴിലാളിയാണ് മങ്കേഷ്. ഏപ്രില്‍ 28-ന് രുക്മിണി മതാപിതാക്കളെ കാണാനായി നിഘോജിലെ വീട്ടിലെത്തിയിരുന്നു. മേയ് ഒന്നിന് ഭര്‍ത്താവ് മങ്കേഷും ഭാര്യയുടെ വീട്ടിലെത്തി. ഇതോടെ രുക്മിണിയുടെ അച്ഛനും രണ്ടു അമ്മാവന്‍മാരും ചേര്‍ന്ന് ഇരുവരേയും ഒരു മുറിയിലടച്ചു പൂട്ടി ജീവനോടെ തീയിടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് ദമ്പതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. രുക്മിണിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയതെന്നും സംഭവ ശേഷം മുങ്ങിയ അച്ഛനും വേണ്ടി തിരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.