ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയ റഫേല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട രണ്ടു ഹരജികളില്‍ വാദം കേള്‍ക്കുന്ന തീയതി നിഗൂഢമായി മാറിയതില്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അമ്പരപ്പ് പ്രകടിപ്പിച്ചു. റഫാല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും റഫാല്‍ കേസിലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയും ഒരേ ദിവസം പരിഗണിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുനപ്പരിശോധനാ ഹരജി മാത്രമാണ് പരിഗണനയ്ക്കു വന്നത്. കോടതി വ്യക്തമായി പറഞ്ഞിട്ടും ഇതെങ്ങനെ വ്യത്യസ്ത തീയതികളിലായി എന്നത് നിഗൂഢമാണ്.
ഈ രണ്ടു റഫാല്‍ ഹരജികളും മേയ് ആറിന് പരിഗണിക്കുമെന്ന് ഏപ്രില്‍ 30-നാണ് ചീഫ് ജസ്റ്റിസ് ഗൊഗോയ് തുറന്ന കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ ഉത്തരവിന്റെ പകര്‍പ്പില്‍ പുനപ്പരിശോധനാ ഹരജി മേയ് ആറ് തിങ്കളാഴ്ചയും രാഹുലിനെതിരായ കേസ് മേയ് 10-നും പരിഗണിക്കുമെന്നാണ് പറയുന്നത്. രാഹുലിനെതിരായ കേസ് വേനല്‍ അവധിക്ക് കോടതി പിരിയുന്നതിനു തൊട്ടു മുമ്പത്തെ ദിവസമായ മേയ് 10-ലേക്ക് എങ്ങനെ മാറിയെന്നാണ് കോടതിക്കു പിടികിട്ടാത്തത്.
ഈ നിഗൂഢമാറ്റത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച കോടതി രണ്ടു കേസുകളും മേയ് 10-ന് രണ്ടു മണിക്ക് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.