ന്യൂദല്‍ഹി- ഏഴ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി 10 കോടി രൂപ വീതം വാഗ്ാദനം ചെയ്‌തെന്ന എഎപി ആരോപണത്തിനു പിന്നാലെ രണ്ടു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അനില്‍ ബാജ്പായി, ദേവീന്ദര്‍ സിങ് ഷരാവത്ത് എന്നിവരാണ് എഎപി വിട്ടത്. അനില്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ദേവീന്ദര്‍ സിങ് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയാണ് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ബിജ്വാസന്‍ എംഎല്‍എയായ ഷരാവത്ത് പറഞ്ഞു. എഎപിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് ഞാന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമാണ് ഞാന്‍ അവഹേളിക്കപ്പെടുന്നു. എന്റെ മണ്ഡലത്തിന്റെ ആവശ്യങ്ങളും തള്ളി- മുന്‍ സൈനികന്‍ കൂടിയായ ദേവീന്ദര്‍ സിങ് പറഞ്ഞു. 2016-ല്‍ പാര്‍ട്ടി വിരുദ്ദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദേവീന്ദര്‍ സിങിനെ എഎപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എഎപി എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വീതം നല്‍കി മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നാരോപിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എഎപി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തു വന്നിരുന്നു. എഎപി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് പാര്‍ട്ടി കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും മറുപടി നല്‍കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാരെ വിലയ്ക്കു വാങ്ങി എല്ലാ സര്‍ക്കാരുകളേയും മോഡി അട്ടിമറിക്കുമോ? ഇതാണോ താങ്കളുടെ ജനാധിപത്യം? എംഎല്‍എമാരെ വാങ്ങാന്‍ ഇത്രത്തോളം പണം എവിടുന്നാണ്? ഞങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍ പലതവണ താങ്കള്‍ ശ്രമിച്ചിട്ടുണ്ട്. എഎപി എംഎല്‍എമാരെ വാങ്ങുക എളുപ്പമല്ല- കേജ്രിവാള്‍ പറഞ്ഞിരുന്നു.