കൊളംബോ- സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ ക്രിസ്ത്യന്മുസ്ലിം സംഘര്‍ഷം. നെഗൊംബോയിലാണ് സംഘര്‍ഷം ഉണ്ടായത്. മുസ്ലിം വിഭാഗം താമസിക്കുന്ന നെഗൊംബോയില്‍ കര്‍ഫ്യൂ മറികടന്ന് അതിക്രമിച്ചു കയറിയവര്‍ മുസ്ലിങ്ങള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
സംഘര്‍ഷത്തിന് പിന്നാലെ ക്രിസ്ത്യാനികള്‍ ശാന്തത പാലിക്കണമെന്നും അക്രമം അഴിച്ചു വിടരുതെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് അഭ്യര്‍ത്ഥിച്ചു. കര്‍ദിനാള്‍ സ്ഥലം സന്ദര്‍ശിക്കുകയും മുസ്ലിം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യം നിരോധിക്കാന്‍ അദ്ദേഹം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.