സ്കൂളില്‍ ബീഫ് പാചകം ചെയ്ത് കഴിച്ചുവെന്ന് ആരോപിച്ച് സ്കൂള്‍ പ്രിന്‍സിപ്പലിനേയും സഹായിയേയും മതവികാരം വ്രണപ്പെടുത്തിയതിന് ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. പാകൂര്‍ ജില്ലയിലാണ് സംഭവം. സ്കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ബീഫ് പാചകം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ റോസ ഹന്‍സ്ദയ്ക്കും അവരുടെ സഹായി ബിര്‍ജു ഹന്‍സ്ദയ്ക്കും എതിരെ നടപടിയെടുത്തത്.
ബീഫ് നല്‍കിയതിനാണ് ബിര്‍ജുവിനെ അറസ്റ്റ് ചെയ്തത്. സ്കൂള്‍ പരിസരത്ത് മാസം കണ്ടെത്തിയെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
സ്കൂളില്‍ മാംസമോ പാചകം ചെയ്ത മാംസമോ കണ്ടെത്തിയില്ലെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തുവെന്നാണ് പാകൂര്‍ എസ് പി ഷൈലേന്ദ്ര ബാണ്‍വാല്‍ പറയുന്നത്. വീട്ടില്‍ ഉപയോഗിക്കുന്നതിനുവേണ്ടി സ്കൂളില്‍ വെച്ച് ബീഫ് പാചകം ചെയ്തുവെന്ന് പ്രിന്‍സിപ്പല്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ പ്രിന്‍സിപ്പല്‍ ആരോപണം നിഷേധിച്ചു. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് അവര്‍ പറഞ്ഞു. എന്നാല്‍ മാംസത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു