ന്യൂദല്‍ഹി- സമ്മാനം കൊതിച്ച് കണ്ണടച്ച് കൈനീട്ടിയ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. ദല്‍ഹിയിലെ പാർക്കില്‍ 24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമളത്തെ കൊലപ്പെടുത്തിയത്.
രണ്ടുവർഷം മുമ്പ് പ്രണയിച്ച് വിവാഹർ തമ്മില്‍ അടുത്തിടെ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ കാരണം വേറിട്ടാണ് താമസിച്ചിരുന്നത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജിന്റെ സംശയമാണ് പലപ്പോഴും വഴക്കിന് ഇടയാക്കിയത്. തർക്കങ്ങള്‍ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് മനോജ് ക്ഷണിച്ചതിനെ തുടർന്ന് വടക്കന്‍ ദല്‍ഹിയിലെ പാർക്കില്‍ എത്തിയതായിരുന്നു കോമളം. കുറച്ചുനേരം സംസാരിച്ച ശേഷം തിരിഞ്ഞു നിന്ന് കണ്ണടച്ചു പിടിക്കൂ സർപ്രൈസ് സമ്മാനം തരാം എന്നു പറഞ്ഞ ശേഷമാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൃത്യം നിർവഹിച്ച മനോജ് കുമാർ മദ്യപിക്കുമ്പോഴാണ് കൂട്ടുകാരോട് ഭാര്യയെ എങ്ങനെയാണ് വകവരുത്തിയതെന്ന കാര്യം വിശദീകരിച്ചത്.
കോമളത്തിന്റെ മൃതദേഹം പാർക്കിലെ ബെഞ്ചില്‍ ഉപേക്ഷിച്ചാണ് പ്രതി സ്ഥലം വിട്ടത്. പട്രോളിംഗിനിടെ കൂട്ടുകാരോടുള്ള മനോജിന്റെ സംസാരം കേട്ട പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അറസ്റ്റിലായ മനോജ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ആറ് മണിക്കൂറിനുശേഷമാണ് പാർക്കിലെ ബെഞ്ചില്‍ മൃതദേഹം കണ്ടെത്താനായത്.