ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ബി.ജെ.പി. നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ബി.ജെ.പി. നേതാവ് ഗുല്‍ മുഹമ്മദ് മിര്‍(60) ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അനന്തനാഗ് ജില്ലയിലെ നൗഗാം ഗ്രാമത്തിലാണ് സംഭവം.
നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
ഗുല്‍ മുഹമ്മദ് മിര്‍ 2008-ലും 2014-ലും നിയമസഭ തെരഞ്ഞെടുപ്പില്‍ ദൊറു മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ബി.ജെ.പി. നേതാവിന്റെ കൊലപാതകത്തില്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. ഇത്തരം ക്രൂരകൃത്യങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവ് ഗുല്‍ മുഹമ്മദെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ അനുസ്മരിച്ചു.