ഡെറാഡൂണ്‍- കോളേജ് ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ഥികള്‍ ധരിക്കാറുള്ള സ്ഥാനവസ്ത്രത്തിനു പകരം തേടി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പുരാതന ഹിന്ദു വേദഗ്രന്ഥങ്ങള്‍ പരിശോധിക്കുന്നു. ബിരുദധാരികള്‍ ബ്രിട്ടീഷുകാരുടെ കാലത്ത് ധരിച്ചു തുടങ്ങിയ കറുത്ത മേലങ്കി ഉപേക്ഷിക്കാനാണ് ആലോചന.
കറുത്ത മേലങ്കിയും തൊപ്പിയും ഉള്‍പ്പെടുന്ന സ്ഥാനവസ്ത്രം ഒഴിവാക്കണമെന്ന ചര്‍ച്ച നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കോളനി വാഴ്ചയെ അനുസ്മരിപ്പിക്കുന്ന ഈ വസ്ത്രം ഉപേക്ഷിക്കണമെന്ന ചര്‍ച്ച ചൂടുപിടിച്ചത് 2014 ല്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്.
പുരാതന ഇന്ത്യയില്‍ അക്കാദമിക നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ ഏതു തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് കണ്ടെത്താന്‍ വിദഗ്ധരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി ധാന് സിംഗ് റാവത്ത് പറഞ്ഞു. തക്ഷശിലയില്‍ ഏതു തരത്തിലുള്ള വസ്ത്രമായിരുന്നുവെന്ന് കണ്ടെത്താനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. പുരാതന കാലം മുതല്‍ അറിയപ്പെട്ട തക്ഷശില സര്‍വകലാശാലയുടെ സ്ഥാനം പാക്കിസ്ഥാനില്‍ ഉള്‍പ്പെടുന്ന റാവല്‍പിണ്ടിയിലാണ്. ഉത്തരാഖണ്ഡിലുണ്ടായിരുന്ന വേദ പഠനകേന്ദ്രമായ ആചാര്യകുലത്തെ കുറിച്ച് സ്കന്ദ പുരാണത്തില്‍ പറയുന്നുണ്ട്. ഇവിടെ ഏതു തരത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നുവെന്ന് കണ്ടെത്താനും ശ്രമിക്കാമെന്ന് മന്ത്രി പറഞ്ഞു. ബിരുദദാന ചടങ്ങുകളില്‍ ധരിക്കേണ്ട വസ്ത്രത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഡെറാഡൂണിലെ യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് എനര്‍ജി സ്റ്റഡീസ് ബിരുദദാന ചടങ്ങില്‍ പരമ്പരാഗത മേലങ്കി ധരിക്കാന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് വിസമ്മതിച്ചതിനു ശേഷമാണ് സ്ഥാനവസ്ത്രത്തിനെതിരായ നീക്കം ശക്തിപ്പെട്ടത്.
ചടങ്ങില്‍ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് പങ്കെടുത്ത കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേകര്‍, ഗവര്‍ണര്‍ കെ.കെ. പൗള്‍ തുടങ്ങിയ വിശിഷ്ടാതിഥികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.
ബിരുദാന ചടങ്ങില്‍ തദ്ദേശീയ വസ്ത്രം കണ്ടെത്തി ഉത്തരാഖണ്ഡ് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക കാണിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി റാവത്ത് പറയുന്നതെങ്കിലും ഈ ആശയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമല്ല ഉത്തരാഖണ്ഡ്.
ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിലും ഇതിനായി നടപടികള്‍ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് യൂനിവേഴ്സിറ്റികളിലെ ബിരുദദാന പരിപാടികളില്‍ ഇന്ത്യന്‍ വസ്ത്രം നടപ്പിലാക്കുമെന്ന് ഈ വര്‍ഷാദ്യമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ ഈയാഴ്ച പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമണിഞ്ഞാണ് വിദ്യാര്‍ഥികളെത്തിയത്.