കൊളംബോ- ശ്രീലങ്കയില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ പകര്‍ത്താന്‍ കൊളംബോയിലെത്തിയ ദല്‍ഹിയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായി ഒരു സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തിയാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ദല്‍ഹിയിലെ ഫോട്ടോ ജേണലിസ്റ്റായ സിദ്ധീഖി അഹമദ് ദാനിഷിനെ ലങ്കന്‍ പോലീസ് പിടികൂടിയത്. നെഗൊമ്പോ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ദാനിഷിനെ മേയ് 15 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു വിദ്യാര്‍ത്ഥി പഠിച്ചിരുന്ന നെഗൊമ്പോയിലെ സ്‌കൂളിലേക്ക് ബലംപ്രയോഗിച്ച് അതിക്രമിച്ചു കടക്കാന്‍ ദാനിഷ് ശ്രമിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ അറിയാന്‍ സ്‌കൂള്‍ അധികൃതരെ കാണാനെത്തിയതായിരുന്നു ദാനിഷ്. ഈ സമത്ത് കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്.