നഷ്ടം പെരുകുന്നു; ഫ്‌ളാറ്റ് ഒഴിയണമെന്ന് 676 ജീവനക്കാരോട് എയര്‍ ഇന്ത്യ

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കനത്ത നഷ്ടം സഹിച്ച് യുഎസ്, യൂറോപ്പ് സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ ചെലവ് ചുരുക്കല്‍ നടപടിയിലേക്ക് കടക്കുന്നു. സൗത്ത് ദല്‍ഹിയിലെ സമ്പന്നരുടെ മേഖലയായ വസന്ത് വിഹാറിലെ കമ്പനിയുടെ അപാര്‍ട്ട്‌മെന്റുകള്‍ ഒഴിയാന്‍ 676 ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ കഴിഞ്ഞ മാസം നിര്‍ദേശം നല്‍കി. താമസിക്കാന്‍ പകരം ഇടം കണ്ടെത്താനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ എയര്‍ ഇന്ത്യാ ഹൗസിങ് കോളനിയില്‍ 810 ഫ്‌ളാറ്റുകളാണ് ഉള്ളത്. അനുയോജ്യമായ വീട് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ജീവനക്കാര്‍ക്ക് വാടകത്തുകയായി 5000 രൂപ മുതല്‍ 25,000 രൂപ വരെ നല്‍കാന്‍ ഒരുക്കമാണെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉമസ്ഥാവകാശം ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ്. എയര്‍ ഇന്ത്യയില്‍ തുടരുന്ന ജീവനക്കാര്‍ക്ക് അവരുടെ താമസ ബത്തയനുസരിച്ച് വാടക നല്‍കാന്‍ തയാറാണെന്ന് കമ്പനി വക്താവ് അറിയിച്ചു.

പാക് ആകാശ പാത അടച്ചതോടെ വളരെ ദൂരം ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നതിനാല്‍ എയര്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ പ്രതിദിനം ആറു കോടി രൂപയുടെ നഷ്ടം സഹിക്കേണ്ടി വരുന്നു. ഈ പോക്കു പോയാല്‍ ഈ സാമ്പത്തിക വര്‍ഷം 9000 കോടി രൂപയോളമായി കടം ഉയരും. കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പണം ഇറക്കാതെ രക്ഷപ്പെടില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വ്യോമ പാത വിലക്കില്‍ കമ്പനിക്ക് ഒന്നും ചെയ്യാനില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യോമയാന മന്ത്രാലയത്തിന് കാര്യങ്ങളുടെ കിടപ്പ് അറിയാമെന്നും കമ്പനിക്ക് വേഗം ഫണ്ട് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ അവസ്ഥയില്‍ എത്രത്തോളം മുന്നോട്ടു പോകുമെന്നതിനെ സംബന്ധിച്ച് കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചില്ല. അന്താരാഷ്ട്ര റൂട്ടുകളില്‍ സീറ്റുകള്‍ കാലിയാക്കി പറക്കേണ്ടി വരുന്നതിലെ ആശങ്ക നേരത്തെ തന്നെ ജീവനക്കാര്‍ അറിയിച്ചിരുന്നു. ഒരു കാലത്ത് കുത്തകയായിരുന്ന റൂട്ടുകളില്‍ ഇന്ന് സ്ഥിതി മറിച്ചാണ്.

പാക്കിസ്ഥാന്‍ വ്യോമ പാത ഭാഗികമായി അടച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ ഒമാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ ആകാശ പാതകളിലൂടെയാണ് യുഎസിലേക്കും യുറോപ്പിലേക്കും സര്‍വീസ് നടത്തുന്നത്. എണ്ണ നിറയ്ക്കുന്നതിന് ഷാര്‍ജയില്‍ ഇറക്കേണ്ടി വരുന്നതും യാത്ര സമയം നീട്ടുന്നു.

Latest News