Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ബുര്‍ഖ നിരോധനം ആവശ്യമില്ലെന്ന് ബിജെപി

ന്യൂദല്‍ഹി- ശ്രീലങ്കയിലേതു പോലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ശിവ സേന ആവശ്യപ്പെട്ടതിനു പിന്നാലെ ബുര്‍ഖ നിരോധനം ഇന്ത്യയില്‍ ആവശ്യമില്ലെന്ന് ബിജെപി. ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്ക മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിനു വിലക്കേർപ്പെടുത്തിയ  പോലെ ഇന്ത്യയിലും പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയാറാകണമെന്നായിരുന്നു ശിവ സേനയുടെ ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ ബുര്‍ഖ നിരോധനത്തിന്റെ ആവശ്യമില്ലെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു പ്രതികരിച്ചു. ബിജെപി സഖ്യകക്ഷി നേതാവായ കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയും ബുര്‍ഖ നിരോധനത്തെ എതിര്‍ത്തു. ബുര്‍ഖ അണിഞ്ഞവരെല്ലാം ഭീകരര്‍ അല്ല. ഇതൊരു പാരമ്പര്യമാണ്. അവര്‍ക്ക് അത് ധരിക്കാനുള്ള അവകാശമുണ്ട്-അത്താവാലെ പറഞ്ഞു. ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ശിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്‌വി പ്രതികരിച്ചു.

ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ശിവ സേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് കടുത്ത മുസ്ലിം വിദ്വേഷം നിറഞ്ഞതാണ്. മുസ്ലിം സ്ത്രീകള്‍ക്ക് ബുര്‍ഖയും പുരുഷന്‍മാര്‍ക്ക് താടിയും നിരോധിച്ച മുസ്ലിം രാജ്യങ്ങള്‍ പോലുമുണ്ടെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.

Latest News