ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ വ്യോമാക്രമണത്തിനു ശേഷം ഫെബ്രുവരിയില്‍ പാക്കിസ്ഥാന് ആകാശ പാത അടച്ചത് നിരവധി വിമാന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്കു ഇതുമൂലം 300 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പുതിയ കണക്ക്. പാക്കിസ്ഥാനു മുകളിലൂടെ പറക്കാന്‍ കഴിയാത്തതിനാല്‍ യുഎസിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫിലേക്കും അധികദൂരം ചുറ്റിത്തിരിഞ്ഞാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. ഒരു ദിവസം മാത്രം ആറു കോടി രൂപയുടെ ഇന്ധനം അധികമായി കത്തിക്കേണ്ടി വരുന്നു. അധിക സമയത്തിന് ആനുപാതികമായി സ്റ്റാഫ്, ജീവനക്കാര്‍ എന്നിവരുടെ ചെലവുകളും ഉയരുന്നു. കൂടാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലുള്ള നഷ്ടം വേറെയുമുണ്ട്. റദ്ദാക്കല്‍ കാരണവും വഹിക്കാവുന്ന ഭാരം വെട്ടിക്കുറക്കേണ്ടി വരുന്നതിനാലും ഒരു ദിവസം 2.75 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നു. എയര്‍ ഇന്ത്യയുടെ പ്രധാന യൂറോപ്, നോര്‍ത്ത് അമേരിക്കന്‍ സര്‍വീസുകളെയെല്ലാം ഇതു പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ഈ അധിക നഷ്ടം നികത്താന്‍ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണിപ്പോള്‍. അധിക ചെലവ് വഹിച്ച് നടത്തുന്ന ഈ സര്‍വീസുകള്‍ വിവിധ ഉടമ്പടികളുള്ളതിനാല് പിന്‍വലിക്കാനാവില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും ഇതു പരിഗണിച്ചു വരികയാണെന്നും മന്ത്രാലയം അറിയിച്ചു. പാക് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യുഎസിലേക്കുള്ള സര്‍വീസിന് മൂന്ന് മണിക്കൂറോളം അധികം പറക്കേണ്ടി വരുന്നു. യൂറോപിലേക്ക് രണ്ടു മണിക്കൂറും അധികം സമയമെടുക്കുന്നു.
പാക് വ്യോമ പാത അടച്ചത് ദിവസേന 350ഓളം സര്‍വീസുകളെയാണ് പ്രതികൂലമായി ബാധിച്ചതെന്ന് ഇതു നിരീക്ഷിക്കുന്ന സംഘടനയായ ഒപ്സ്ഗ്രൂപ്പ് പറയുന്നു. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഏതാണ്ട് എല്ലാ സര്‍വീസുകളേയും ഈ പറക്കല്‍ വിലക്ക് ബാധിച്ചിരിക്കുകയാണ്. യുഎസ് വിമാനകമ്പനിയായ യുനൈറ്റഡ് ഇന്ത്യയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ക്കു പുറമെ ബാങ്കോക്ക്, സിംഗപൂര്‍ കണക്ഷന് സര്‍വീസുകളേയും ഇതു ബാധിച്ചെന്ന് ജര്‍മന്‍ കമ്പനിയായ ലുഫ്താന്‍സ നേരത്തെ പറഞ്ഞിരുന്നു.