Sorry, you need to enable JavaScript to visit this website.

മഞ്ഞുമനുഷ്യന്റെ കൂറ്റന്‍ കാല്‍പാടുകള്‍ കണ്ടെന്ന് ഇന്ത്യന്‍ ആര്‍മി; ചിത്രം ട്വിറ്ററില്‍ ചര്‍ച്ചയായി

ന്യൂദല്‍ഹി- കെട്ടുകഥകളിലെ ഭീകരരൂപിയായി അറിയപ്പെടുന്ന 'യതി' എന്നു വിളിക്കപ്പെടുന്ന മഞ്ഞുമനുഷ്യന്റെ കാല്‍പ്പാടുകള്‍ നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം കണ്ടെത്തി എന്നവകാശപ്പെട്ട് ഇന്ത്യന്‍ സേന പുറത്തു വിട്ട ചിത്രം ട്വിറ്ററില്‍ ചര്‍ച്ചയായി. സൈന്യത്തിന്റെ പര്‍വതാരോഹക സംഘം കണ്ടതെന്ന് പറയപ്പെടുന്ന ഈ കാല്‍പ്പാടുകള്‍ 32 ഇഞ്ച് നീളവും 15 ഇഞ്ച് നീളവുമുണ്ടെന്ന് സേന പറയുന്നു. സൈനിക സംഘത്തിന്റേയും യതിയുടെ കാല്‍പ്പാടുകളുടേയും ചിത്രങ്ങളോടൊപ്പമാണ് സേനയുടെ ട്വീറ്റ്. ഏപ്രില്‍ ഒമ്പതിനാണ് ഈ കാല്‍പ്പാട് കണ്ടത്. ആര്‍ക്കും പിടികൊടുക്കാത്ത മഞ്ഞുമനുഷ്യനെ മക്കാലു-ബാരുന്‍ ദേശീയ പാര്‍ക്കിനു സമീപം മാത്രമാണ് മുമ്പ് കണ്ടിട്ടുള്ളതെന്നും സേന ട്വീറ്റില്‍ വ്യക്തമാക്കുന്നു. കാലങ്ങളായി പലരും യതിയെ കണ്ടുവെന്ന് അവകാശപ്പെട്ട് രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇതുവരെ വിശ്വസനീയമായ തെളിവുകളൊന്നും ഇല്ലായിരുന്നു. എന്നാല്‍ സേനയുടെ പര്‍വതാരോഹക സംഘം കണ്ട യതി നിഗൂഢമായ കൂറ്റന്‍ കാല്‍പാടുകള്‍ യതിയുടേതാണെന്ന് സൈന്യം അവകാശപ്പെട്ടത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണ ത്വര ഉത്തേജിപ്പിക്കാനായിരുന്നു ഈ ട്വീറ്റെന്നും സേനാ വൃത്തങ്ങള്‍ പറയുന്നു. യതിയെ കുറിച്ചുള്ള മുന്‍ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫോട്ടോ, വിഡിയോ തെളിവുകളെന്നും സേന പറയുന്നു.

യതിയുടെ കാല്‍പ്പാടിന്റേതു പറഞ്ഞു പുറത്തു വിട്ട ചിത്രം ഒരു വിഭാഗം തമാശയായാണ് പരിഗണിക്കുന്നത്. ഒരു കാലിന്റെ മാത്രം പാടുകളാണ് ചിത്രത്തിലുള്ളത്. യതി ഒറ്റക്കാലനാണോ എന്നും ഇവര്‍ ചോദിക്കുന്നു. 

യതി സാങ്കല്‍പ്പിക കഥാപാത്രമോ?
ഹിമാലയന്‍ മേഖലയിലെ നാടോടി കഥകളിലെ ഒരു കഥാപാത്രമാണ് യതി എന്ന മഞ്ഞുമനുഷ്യന്‍. മനുഷ്യരൂപമുള്ള മൃഗമായും പറയപ്പെടുന്ന യതി ഒരു യാഥാര്‍ത്ഥ്യമാണോ എന്നതിലും തര്‍ക്കമുണ്ട്. ആര്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞു മാറിയാണ് ഇവര്‍ കഴിയുന്നതെന്നും പറയപ്പെടുന്നു. നേപ്പാളിലെ നാടോടി കഥകളില്‍ ഏറെ പ്രസിദ്ധമാണ് ഈ കഥാപാത്രം. ആള്‍കുരങ്ങ് രൂപത്തോടു സാമ്യമുള്ള കഥാപാത്രമാണ് യതി ഈ കഥകളില്‍.

പലപ്പോഴായി കണ്ടു എന്നു പറയപ്പെടുന്നത് യതി അല്ലെന്നും വലിയ മഞ്ഞുകരടികളാണെന്നും ചൂണ്ടിക്കാട്ടി വിദഗ്ധരും പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. 2017-ലും യതിയെ കണ്ടുവെന്ന റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് ഏഷ്യന്‍ ബ്ലാക്ക് ബിയര്‍, ടിബറ്റന്‍ ബ്രൗണ്‍ ബിയര്‍, ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍ എന്നീ വിഭാഗങ്ങളില്‍ ഒന്നില്‍പ്പെട്ട കരടിയാകാമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു. കെട്ടുകഥകളിലെ കഥാപാത്രമായ യതിയുടെ ജൈവ സവിശേഷതകള്‍ മഞ്ഞുമേഖലകളിലെ കരടികളുടെ സവിശേഷതകള്‍ക്കു സമാനമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് ന്യൂയോര്‍ക്കിലെ യുണിവേഴ്‌സിറ്റി ഓഫ ബഫലോ കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഷാര്‍ലെറ്റ് ലിന്‍ഡ്ക്വിസ്റ്റ് പറയുന്നു.

Latest News