ജിദ്ദ- ഈ വര്‍ഷം സൗജന്യമായി ഹജിന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടും ഇ-മെയിലുകളും വാട്‌സാപ്പ് മെസേജുകളും പരക്കുന്നു. രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഫ്രീഹജ്ട്രിപ് ഡോട് കോം എന്ന സൈറ്റ് വഞ്ചിക്കുന്ന സൈറ്റാണ് വിവിധ ബ്രൗസറുകളും ആന്റിഫിഷിങ് വെബ് സൈറ്റും മുന്നറിയിപ്പ് നല്‍കുന്നു.
ബ്രൗസറുകളുടെ മുന്നറിയിപ്പ് അവഗണിച്ചും സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും. പക്ഷേ നിങ്ങളില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനോ സൈറ്റില്‍ മുന്നോട്ടു പോകാനോ സാധിക്കില്ല.
യൂസര്‍നെയിം, പാസ് വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ തട്ടിയെടുക്കുന്നതിന് തയാറാക്കുന്ന സൈബര്‍ ഫാമിങ്, സൈബര്‍ ഫിഷിങ് തട്ടിപ്പുകളുടെ ഭാഗമാണ് ഇത്തരം സൈറ്റുകള്‍. നിങ്ങളുടെ ഇമെയിലും ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ പരസ്യങ്ങള്‍ അയക്കുന്നതിനായി മൂന്നാം കക്ഷിക്ക് വില്‍പന നടത്തുന്നവരും കൂട്ടത്തിലുണ്ടാകും. ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ് സൈബര്‍ ഫാമിങ്. മറ്റൊരാളുടെ വിവരങ്ങള്‍ തട്ടിയെടുക്കുന്നതാണ് ഫിഷിങ്.
കബളിപ്പിക്കപ്പെട്ട് നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയോ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുകയോ ചെയ്യാം. സമ്മാനമടിച്ചു, ലോട്ടറിയടിച്ചു തുടങ്ങിയവയിലൊന്നും വീഴാത്തവരെ ലക്ഷ്യമിട്ടാകാം സൗജന്യ ഹജ് ഓഫര്‍ ചെയ്ത് തട്ടിപ്പുകാര്‍ രംഗത്തുവന്നിരിക്കുന്നത്. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ വീഴാതിരിക്കുന്നതാണ് ബുദ്ധി.
സ്വകാര്യ വിവരങ്ങള്‍ ഏതു സൈറ്റില്‍ നല്‍കുമ്പോഴും രണ്ടു തവണ ആലോചിക്കണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നത് യഥാര്‍ഥ സൈറ്റാണെന്ന് ഉറപ്പുവരുത്തുകയാണ് ഫിഷിങ് തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗം. രണ്ട് സൈറ്റും ഒരു പോലിരിക്കും. യു.ആര്‍.എല്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ, വ്യത്യാസം കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ. വ്യാജ സൈറ്റില്‍ നിങ്ങള്‍ പാസ് വേഡ് അടക്കമുള്ള ലോഗിന്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നതോടെ അത് തട്ടിപ്പുകാരുടെ കൈകളിലെത്തും.