ചെന്നൈ-ജോലി വാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ച സ്ത്രീയെ പൊലീസ് അന്വേഷിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കാഞ്ചീപുരം സ്വദേശിയായ പതിനാറുകാരിയെയാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി പ്രാരാബ്ദങ്ങള്‍ മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ദിവസവേതനത്തിന് ജോലി ചെയ്ത് കൂലിപ്പണിക്കാരായ മാതാപിതാക്കളെ പെണ്‍കുട്ടി സഹായിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്ക് ചെന്നൈയില്‍ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഇവരുടെ അയല്‍വാസിയായ സ്ത്രീ കുടുംബത്തെ സമീപിച്ചത്. 5000 രൂപ പണമായി നല്കിയ ശേഷം ജോലിക്കെന്ന വ്യാജേന പെണ്‍കുട്ടിയെ ഇവര്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് കാഞ്ചീപുരത്തെ വീട്ടില്‍ താമസിപ്പിച്ച് കുട്ടിയെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. വഴങ്ങാതെ വന്നതോടെ നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും പത്തോളം പേര്‍ക്ക് കാഴ്ചവെക്കുകയായിരുന്നു. വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നു. വീട്ടുകാരുമായി കുട്ടി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ ഇക്കാര്യങ്ങള്‍ അറിയാതിരിക്കാന്‍ ഇടനിലക്കാരിയായ അയല്‍വാസി ശ്രദ്ധിച്ചിരുന്നു.
ഈസ്റ്ററിന് കുട്ടിയെ വീട്ടിലെത്തിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ പെണ്‍കുട്ടി തിരികെ പോകാന്‍ കൂട്ടാക്കാഞ്ഞതോടെ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇതോടെ മാതാപിതാക്കള്‍ കാഞ്ചീപുരം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.