മുംബൈ- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ച ജെറ്റ് എയര്‍വേയ്‌സിലെ സീനിയര്‍ ടെക്‌നീഷ്യന്‍ മഹാരാഷ്ട്രയിലെ പല്‍ഗഢില്‍ ആത്മഹത്യ ചെയ്തു. 45കാരനായ സൈലേഷ് സിങ് ആണ് നാലു നില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. ശമ്പളം മുടങ്ങിയതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സിങ് എന്ന് ജെറ്റ് ജീവനക്കാരുടെ സംഘടന ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ കാന്‍സര്‍ രോഗി കൂടിയായിരുന്നു. ഇതു മൂലം സിങ് വിഷാദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സിങിന്റെ മകനും ജെറ്റ് എയര്‍വേയ്‌സിന്റെ ഓപറേഷന്‍സ് വിഭാഗത്തില്‍ ജീവനക്കാരനാണ്. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് സിങിന്റെ കുടുംബം.