Sorry, you need to enable JavaScript to visit this website.

ബി.ജെ.പി റാലിക്കെത്തിയവര്‍ക്ക് പോലീസ് വാഹനത്തില്‍ ഫുഡ്; വൈറലായി വിഡിയോ

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുത്തവര്‍ക്ക് പോലീസ് വാഹനത്തില്‍ ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും എത്തിച്ചതിനെ കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പങ്കെടുത്ത റാലിയിലാണ്  സംഭവം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ കണ്ണു തുറന്നത്.

രാം മാധവ് പങ്കെടുത്ത റാലിക്കെത്തിയ പ്രമുഖര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനാണ് വാഹനങ്ങള്‍ അയച്ചതെന്ന് ജമ്മു കശ്മീര്‍ പോലീസ് പറയുന്നു. ഇത് ദുരൂപയോഗം ചെയ്തതാണെന്നും പോലീസ് സ്ഥീരീകരിച്ചു.
പോലീസ് ആവശ്യക്കാരെ എപ്പോഴും സഹായിക്കുമെന്നും ഇത് അതിന്റെ തെളിവാണന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തോടുള്ള പ്രതിബദ്ധതയൊക്കെ മാറ്റിവെച്ചാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയെ സഹായിച്ചത്. കള്ളവോട്ടിനോട് ഇത്രമാത്രം ദയകാണിക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ഉമര്‍ അബ്ദുല്ല പറഞ്ഞു.

ഈ മാസം 23 ന് ആരംഭിച്ച് മെയ് ആറുവരെ മൂന്ന് ഘട്ടങ്ങളിലായാണ് അനന്ത്‌നാഗ് മണ്ഡലത്തില്‍ വോട്ടെടുപ്പ്. മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി സ്ഥാനാര്‍ഥിയുമായ മെഹ്ബൂബ മുഫ്തിക്കെതിരെ സോഫി യുസുഫാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ഗുലാം ഹസ്സന്‍ മിര്‍, ഹസ്‌നൈന്‍ മസൂദി എന്നിവര്‍ യഥാക്രമം കോണ്‍ഗ്രസ്, എന്‍.സി സ്ഥാനാര്‍ഥികളാണ്.

കശ്മീരിലെ മൂന്ന് ലോക്‌സഭാ സീറ്റുകള്‍ ബി.ജെ.പി നേടുമെന്ന് രാം മാധവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പി കശ്മീരില്‍ മുഖ്യധാരാ പാര്‍ട്ടിയായി മാറിയിട്ടുണ്ട്. മേഖലയിലെ സമാധാനത്തിനും വികസനത്തിനും വേണ്ടി ബി.ജെ.പി പ്രവര്‍ത്തിക്കും-അദ്ദേഹം പറഞ്ഞു.

അതിനിടെ, നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് പിന്‍വലിക്കുമെന്ന് ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

 

Latest News