അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.' (2:183)
കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ നോമ്പിലേക്ക് വിശ്വാസികള്‍ വീണ്ടും ഒരിക്കല്‍ കൂടി പ്രവേശിക്കുകയാണ്. യഥാര്‍ഥത്തില്‍ ആര്‍ക്കൊക്കെയാണ് റമദാന്‍ ഉപകാരപെടുന്നത്, ആര്‍ക്കൊക്കെയാണ് ഉപകാരപ്പെടാതെ പോകുന്നത് എന്നാണ് ഈ സമയത്ത് നാം ചിന്തിക്കേണ്ടത്. ഒരിക്കല്‍ നോമ്പിനെ കുറിച്ച് ഒരു ചര്‍ച്ചയില്‍ പ്രവാചകന്‍ (സ) പറഞ്ഞു: ഒരു സത്യവിശ്വാസി ധനവ്യയത്തിലൂടെ ആരാധനകള്‍ക്ക് ശക്തി സംഭരിക്കുന്നു. എന്നാല്‍ ഒരു കപട വിശ്വാസി വിശ്വാസികളെ പരദൂഷണം പറയുന്നതിലും അവരുടെ പാളിച്ചകള്‍ അന്വേഷിക്കുന്നതിലും മുഴുകുന്നു' അങ്ങനെ വിശ്വാസികള്‍ക്കും ഭക്തന്മാര്‍ക്കും ഈ മാസം ദൈവികമായ നേട്ടവും, കപട വിശ്വാസികള്‍ക്കും ദുര്‍വൃത്തന്മാര്‍ക്കും ദൈവശാപവും ലഭിക്കുന്നു.
നമ്മുടെ നന്മകള്‍ അല്ലാഹുവിനെ കാണിക്കാനുള്ള മാസമാണ് റമദാന്‍. ആയതിനാല്‍ ദൈവീകാനുഗ്രഹങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കാതെ, സല്‍ക്കര്‍മങ്ങളിലൂടെയും നന്മയിലൂടെയും അത് സ്വായത്തമാക്കാനും പരമാവധി സ്വന്തമാക്കാനും പരിശ്രമിക്കുക. അതല്ലാതെ ഒരാള്‍ തുടര്‍ച്ചയായി നോമ്പെടുക്കുകയും തഖ്‌വ എന്ന ഗുണം കരഗതമാവാന്‍ ആവശ്യമായ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്നില്ലെങ്കില്‍ വ്രതാനുഷ്ഠാനം വെറുതെയാണ്. പാത്രം കമഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നതിന് തുല്യമാണത്. അത്തരക്കാരുടെ നോമ്പ് അല്ലാഹുവിന് ആവശ്യമില്ലാത്തതുമാണെന്ന് പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചിട്ടുമുണ്ട്.
പ്രവാചകന്‍ (സ) പഠിപ്പിച്ചു: 'ഒരാള്‍ ചീത്ത വര്‍ത്തമാനങ്ങളും മോശം പ്രവൃത്തികളും ഒഴിവാക്കുന്നില്ലെങ്കില്‍ അയാള്‍ നോമ്പെടുക്കുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരാവശ്യവുമില്ല' മറ്റൊരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: 'രാവിലെ മുതല്‍ വൈകുന്നേരം വരെ നോമ്പുകാരന്‍ ആരാധനയിലാണ്; അയാള്‍ പരദൂഷണം പറയുന്നില്ലെങ്കില്‍'. അത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ അയാളുടെ നോമ്പില്‍ വിള്ളലുണ്ടാവുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈയൊരു കപ്പല്‍ യാത്ര, കപ്പലില്‍ വിള്ളലുണ്ടാക്കി ലക്ഷ്യം നേടാന്‍ കഴിയില്ല.
പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. നന്മകളുടെ വസന്തകാലവും. അതിനാല്‍ തന്നെ അതിന്റെ രാപ്പകലുകളെ പരമാവധി ഉപയോഗപ്പെടുത്തുക. ഒപ്പം റമദാനില്‍ നല്ല ജാഗ്രത പാലിക്കുക. ചീത്ത പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക. കാരണം അതുമുഖേന വലിയ നഷ്ടങ്ങള്‍ പലര്‍ക്കും സംഭവിക്കും. ഒരു വര്‍ഷം മുഴുവനുമുള്ള അവരുടെ കര്‍മങ്ങള്‍ പാഴായിപ്പോകും. അതായത്; കേവലം അന്നപാനീയങ്ങള്‍ മാത്രം ഉപേക്ഷിക്കലല്ല നോമ്പ്. മറിച്ച് നോമ്പുകാരനാണെന്ന ഗൗരവ ബോധം സദാ നിലനിര്‍ത്തണം. നാവിന്റെ ദുരുപയോഗം തടയണം. 'ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍, ഈ മാസത്തില്‍ അല്ലാഹുവിന്റെ കാരുണ്യം തടയപെട്ടവനാണെന്ന്' പ്രവാചകന്‍ തിരുമേനി പറയുന്നുണ്ട്.
അല്ലാഹുവിന്റെ മാസമാണ് റമദാന്‍. മനുഷ്യ സമൂഹത്തിനാകമാനം മാര്‍ഗദര്‍ശനമായും നന്മയുടെ സന്ദേശമായും പ്രവാചക തിരുമേനിക്ക് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം. അതുകൊണ്ടുതന്നെ വിശ്വാസിയായ മനുഷ്യന് ഏറ്റവും കൂടുതല്‍ ആത്മീയനിര്‍വൃതി ലഭിക്കുന്ന മാസമാണ് റമദാന്‍. അതിനാല്‍ നന്മകളില്‍ പരസ്പരം മല്‍സരിക്കുക. മലക്കുകള്‍ നമുക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മാസമാണ് എന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് നമ്മുടെ പരിചയത്തിലുള്ളവര്‍ക്കും കീഴില്‍ ജോലിചെയ്യുന്നവര്‍ക്കും ആശ്വാസം നല്‍കുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കുക. നോമ്പിന്റെ സൗകര്യം ചെയ്ത് കൊടുക്കുക. ഇങ്ങനെ നാം നോമ്പിനെ അനുഭവിക്കാന്‍ അവസരം നല്‍കിയാല്‍ നരക വിമോചനമാണ് അത്തരക്കാര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.