ശ്രീലങ്കന്‍ സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍

കൊളംബോ- ഐഎസ് ബന്ധമുള്ള ഭീകരര്‍ക്കു വേണ്ടി ശ്രീലങ്കയിലെ പോലീസും സൈന്യവും സംയുക്തമായി വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ക്കു പുറമെ 15 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഒരു വീടില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാലു പേരെ വധിച്ചതായി സേന അറിയിച്ചിരുന്നു. രാത്രിയിലെ ഏറ്റുമുട്ടലിനു ശേഷം ശനിയാഴ്ച രാവിലെ ഈ വിട്ടില്‍ നടത്തിയ തിരച്ചിലില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ കുട്ടികളാണ്.

ശ്രീലങ്കയിലെ ന്യനപക്ഷമായ മുസ്ലിം ജനവിഭാഗം കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന കുലുമുനൈ (സൈന്താമരുതു)യിലാണ് കഴിഞ്ഞ ദിവസം സേനയുടെ തിരച്ചിലും ഏറ്റുമുട്ടലും ഉണ്ടായത്. ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി എപി റിപോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശത്ത് തിങ്ങിനിറഞ്ഞ വീടുകളിലൊന്നിലാണ് സുരക്ഷാ സേന റെയ്ഡ് നടത്തിയത്. ഈ വിട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മറ്റും സേന കണ്ടെടുത്തിട്ടുണ്ട്.

250ഓളം പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 140 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ലങ്കന്‍ സുരക്ഷാ സേന ശക്തമാക്കിയിരിക്കുകയാണ്. പതിനായിരത്തോളം സൈനികരേയാണ് രാജ്യത്തുടനീളം ഇതിനായി വിന്യസിച്ചിരിക്കുന്നത്.
 

Latest News