ന്യൂദല്‍ഹി- റിസര്‍വ് ബാങ്ക് ഓഫ് നടത്തുന്ന ബാങ്കുകളുടെ വാര്‍ഷിക പരിശോധനയുടെ റിപോര്‍ട്ടും വായ്പാ വെട്ടിപ്പു നടത്തിയവരുടെ പട്ടികയും വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തയാറാകണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ്. വിവരാകാശ നിയമ പ്രകാരം ഇവ പുറത്തുവിടണമെന്ന മുന്‍ കോടതി ഉത്തരവ് റിസര്‍വ് ബാങ്ക് ചെവികൊണ്ടില്ലെന്ന് കാണിച്ച് വിവരാവകാശ പ്രവര്‍ത്തകരായ സുഭാഷ് ചന്ദ്ര അഗര്‍വാള്‍, ഗിരീഷ് മിത്തല്‍ എന്നിവര്‍ സമര്‍പിച്ചു ഹരജിയിലാണ് കോടതി മുന്നറിയിപ്പു നല്‍കിയത്. വാര്‍ഷിക റിപോര്‍ട്ട് പുറത്തുവിടാത്തതിന് ജനുവരിയില്‍ സുപ്രീം കോടതി ആര്‍ബിഐക്ക് കോടതിലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
ഊര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ ആയിരിക്കെ റിസര്‍വ് ബാങ്ക് ഈ റിപോര്‍ട്ട് മനപ്പൂര്‍വം പുറത്തുവിട്ടില്ലെന്നും കോടതി ഉത്തരവ് അനുസരിച്ചില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമ പ്രകാരം ബാങ്കുകളുമായി ബന്ധപ്പെട്ട വിവരം പുറത്തു വിടുന്നതു സംബന്ധിച്ച നയം പുനപ്പരിശോധിക്കണമെന്നും റിസര്‍വ് ബാങ്കിനോട് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. 2015-ലെ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവിലെ റിസര്‍വ് ബാങ്ക് നയമെന്നും കോടതി പറഞ്ഞു.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ഡിഎഫ്സി ബാഹ്ക്, എസ്.ബി.ഐ എന്നീ ബാങ്കുകളില്‍ നടത്തിയ 2011 മുതല്‍ 2015 വരെയുള്ള വാര്‍ഷിക പരിശോധനാ റിപോര്‍ട്ടുകളാണ് റിസര്‍വ് ബാങ്കില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഹരജിക്കാര്‍ തേടിയിരുന്നത്. എന്നാല്‍ ഇത് വിവരാവകാശ നിയമ പരിധിക്കു പുറത്താണെന്നു ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പരസ്യമാക്കിയില്ല. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ വിവരം തടഞ്ഞു വയ്ക്കാന്‍ റിസര്‍വ് ബാങ്കിനാവില്ലെന്നു കോടതി വിധിച്ചു. എന്നാല്‍ ഈ റിപോര്‍ട്ടുകളില്‍ വിശ്വാസത്തിലധിഷ്ടിതമായ വിവരങ്ങള്‍ ഉള്ളതിനാല്‍ പരസ്യപ്പെടുത്തനാവില്ലെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിലപാട്.
ഈ നിലപാട് പുനപ്പരിശോധിക്കാന്‍ ഇത് അവസാന അവസരമാണെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി മുന്നറിയിപ്പു നല്കി. ഇനിയും ലംഘനമുണ്ടായാല്‍ അക്കാര്യം ഗൗരവത്തിലെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.