39 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയില്‍ വീസ ഓണ്‍ അറൈവല്‍ ലഭിക്കില്ല

കൊളംബോ- മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ 39 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കില്ല. അടുത്ത മാസം ആരംഭിക്കാനിരുന്ന ഈ സൗകര്യം നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗെ അറിയിച്ചു. ഭീകരാക്രമണങ്ങളില്‍ വിദേശികള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സൗകര്യം ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് തീരുമാനം. വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞ ഓഫ് സീസണില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് മേയ് മുതല്‍ ഒക്ടോബര്‍ വരെ ആറു മാസത്തേക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. 2019ലെ ആദ്യ മൂന്നു മാസങ്ങളില്‍ ഏഴര ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം നാലര ലക്ഷത്തോളം ഇന്ത്യക്കാരും ലങ്കയിലെത്തി. 2019-ല്‍ ഇതു പത്തു ലക്ഷത്തിലെത്തിക്കാനായിരുന്നു ശ്രീലങ്കയുടെ പദ്ധതി.

ശ്രീലങ്കയുടെ മൊത്തം വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് ടൂറിസം മേഖലയുടെ സംഭാവന. രാജ്യത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന മികച്ച വളര്‍ച്ച കൈവരിക്കുന്ന മേഖലയാണിത്. ബോംബ് സ്‌ഫോടനങ്ങളെ തുടര്‍ന്നുണ്ടായ സുരക്ഷാ ആശങ്ക ഈ മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News