കൊളംബോ- ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ശ്രീലങ്കന്‍ അധികൃതര്‍ തിരുത്തി. 253 പേരാണ് കൊല്ലപ്പെട്ടതെന്നും പേരുകള്‍ ഒന്നിലധികം തവണ പട്ടികയില്‍ ഉള്‍പ്പെട്ടതാണു തെറ്റുവരാന്‍ കാരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
359 പേര് കൊല്ലപ്പെട്ടുവെന്നാണ് വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയപ്പോഴാണു പലരെയും ഒന്നിലധികം തവണ കണക്കില്‍ പെടുത്തിയതായി കണ്ടെത്തിയത്. പല മൃതദേഹങ്ങളും ചിതറിയതിനാല്‍ ഒരാളെ തന്നെ രണ്ടു തവണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതിനിടെ, ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് അഭായര്‍ഥികളെ പ്രദേശവാസികള്‍ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് നെഗുംബോയില്‍നിന്ന് കൂട്ടപലായനം തുടരുകയാണ്.
പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും വരുന്ന അഭയാര്‍ഥികള്‍ക്ക് ശ്രീലങ്ക താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാറുണ്ട്. ഓസ്ട്രേലിയയിലേക്കോ ന്യൂസിലന്‍ഡിലേക്കോ പോകാന്‍ കഴിയുന്നതുവരെയാണിത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരം നടക്കുന്നതിനിടെയാണ് ഇവിടെ ആക്രമണം തുടങ്ങിയത്. അഭയര്‍ഥികള്‍ താമസിച്ചിരുന്ന വീടുകള്‍ തകര്‍ക്കുകയും പുരുഷന്മാരെ പുറത്തിറക്കി മര്‍ദിക്കുകയുമായിരുന്നു.
അതിനിടെ, ചര്‍ച്ചുകളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു പോലീസ് തിരയുന്ന മൂന്ന് സ്ത്രീകളടക്കം ഏഴു പേരുടെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.
ചാവേറുകളായ സഹോദരന്മാരുടെ പിതാവ് സുഗന്ധവ്യഞ്ജന വ്യാപാരി മുഹമ്മദ് യൂസഫ് ഉള്‍പ്പെടെ 16 പേര് കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവര്‍ 76 ആയി. യൂസഫിന്റെ മക്കളായ ഇല്‍ഹാം അഹമ്മദും ഇസ്മത് അഹമ്മദും ചാവേറുകളായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ ഇല്‍ഹാമിന്റെ ഭാര്യയും സ്ഫോടകവസ്തുക്കള്ക്കു തീ കൊളുത്തി മരിച്ചിരുന്നു.
കൊല്ലപ്പെട്ട യുവാക്കളിലൊരാള്‍ ഓസ്ട്രേലിയയിലും ബ്രിട്ടനിലും പഠിച്ചതാണെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു.