ന്യൂദൽഹി- ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് എതിരായ ലൈംഗീക പീഡന പരാതി അന്വേഷിക്കുന്ന സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തി.
ജസ്റ്റിസ് എൻ വി രമണ പിന്മാറിയതിനെ തുടർന്നാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തിയത്. ജസ്റ്റിസ് രമണയ്ക്ക് ചീഫ് ജസ്റ്റിസും ആയി വ്യക്തിപരമായ അടുപ്പം ഉണ്ടെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചിരുന്നു. യുവതിയോട് നാളെ സമിതിക്ക് മുമ്പാകെ ഹാജർ ആകാൻ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിൽ ഉള്ള മൂന്ന് അംഗ സമിതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ഇന്ദിര ബാനർജി ആണ് സമിതിയിലെ മൂന്നാമത്തെ അംഗം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് അന്വേഷിക്കാൻ മൂന്നംഗ ബെഞ് നേരത്തെ ഉത്തരവിട്ടിരുന്നു. വിരമിച്ച ജസ്റ്റിസ് എ.കെ പട്നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സി.ബി.ഐ, ഐ.ബി, ദൽഹി പോലീസ് എന്നീ സ്ഥാപനങ്ങൾ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കാനും ബെഞ്ച് നിർദ്ദേശം നൽകി.
ഇന്ന് രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തതിൻറെ തെളിവ് എന്നവകാശപ്പെട്ട് ഒരു സീൽ വെച്ച കവർ അഭിഭാഷകൻ ഉത്സവ് ബെയ്ൻസ് കോടതിയിൽ നൽകിയിരുന്നു. സത്യവാങ്മൂലത്തിൽ വസ്തുതയുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. തെളിവുകളും അവകാശവാദങ്ങളും സത്യമാണോ എന്ന് പരിശോധിക്കണം. എ.കെ പട്നായിക് നൽകുന്ന ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണമെന്നും കോടതി പറഞ്ഞു.