ചെന്നൈ- ചൈനീസ് സമൂഹ മാധ്യമ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നീക്കിയത്.
നിരോധ ഉത്തരവില്‍ ഇടക്കാല ആശ്വാസം തേടി ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു. അശ്ലീല ഉള്ളടക്കം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്പ് നിരോധിക്കണമെന്ന് ഈ മാസം മൂന്നിനാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആപ്പ് സ്റ്റോറുകളില്‍ ടിക് ടോക് ലഭ്യമാക്കുന്നത് തടഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ചൈനീസ് കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു.
നിരോധം കാരണം കമ്പനിക്ക് പ്രതിദിനം നാലരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും 20 ലക്ഷത്തോളം വരിക്കാരുള്ള ആപ്പിന്റെ സുരക്ഷ അപകടത്തിലാണെന്നും കമ്പനിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കമ്പനിയുടെ വാദങ്ങള്‍ കേള്‍ക്കാതെ ഏകപക്ഷീയമായാണ് ഹൈക്കോടതി നിരോധ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സിങ്‌വി ചൂണ്ടിക്കാട്ടിയിരുന്നു.
ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്്.എസ് സുന്ദര്‍ എന്നിവരുള്‍പ്പെട്ട ചെന്നൈ ബെഞ്ച് മുമ്പാകെ ടിക് ടോക്കിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഐസക് മോഹന്‍ലാലാണ് ഹാജരായത്. ടിക് ടോക്ക് ആപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ പ്രത്യേക സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.
സൈബര്‍ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇന്ത്യയില്‍ നിയമങ്ങളൊന്നുമില്ലെന്ന് അമേരിക്കയിലെ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക് ഷന്‍ ആക്ട് (കോപ്പ) ചൂണ്ടിക്കാട്ടി ജഡ്ജിമാര്‍ പറഞ്ഞു.