ന്യൂദല്‍ഹി- മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് അപൂര്‍വയെ ദല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രോഹിതിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ അപൂര്‍വ സംശയത്തിന്റെ നിഴലിലായത്. സ്വത്തവകാശം, രോഹിതിനു മറ്റൊരു സ്ത്രീയുമായുള്ള അടുപ്പം എന്നീ രണ്ടു സംശങ്ങളാണ് ഉള്ളതെന്നും വിശദമായി അന്വേഷണം നടത്തി വരികയാണെന്നും ദല്‍ഹി പോലീസ് വ്യക്തമാക്കി.
ഞായറാഴ്ചയാണ് അപൂര്‍വയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് നിരവധി തവണ ചോദ്യം ചെയ്തു. രാത്രിയില്‍ രോഹിതിന്റെ മുറിയില്‍ പ്രവേശിച്ചിരുന്നതായി അപൂര്‍വ്വ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് അപൂര്‍വ നല്‍കിയത്. ഇതാണ് സംശയം ബലപ്പെടുത്തിയത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.