Sorry, you need to enable JavaScript to visit this website.

മോഡി സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതിയോട് തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യുദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്ര മോഡി' എന്ന സിനിമ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന വേളയില്‍ റിലീസ് ചെയ്യരുതെന്ന നിലപാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചു. ഈ സിനിമയുടെ ഉള്ളടക്കവും കഥാപാത്രത്തിന്റെ ചിത്രീകരണവും തെരഞ്ഞെടുപ്പു പ്രചാരണം നടക്കുമ്പോള്‍ റിലീസ് ചെയ്യാവുന്ന തരത്തിലുള്ളതല്ല. വോട്ടില്‍ അവസാനിക്കുന്ന മേയ് 19-നു മുമ്പ് ഈ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും കമ്മീഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെ റിലീസ് തടഞ്ഞ കമ്മീഷന്‍ ഉത്തരവിനെതിരെ സിനിമയുടെ നിര്‍മാതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സിനിമ പൂര്‍ണമായും കണ്ട ശേഷം നിലപാട് അറിയിക്കാന്‍ കോടതി കമ്മീഷനോട് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സിനിമ കാണാന്‍ കമ്മീഷന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് സിനിമ കണ്ട് തീരുമാനം ചിഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്. 

സിനിമയിലുടനീളം മോഡി കഥാ പാത്രത്തിന്റെ സ്തുതികളാണെന്ന് വളരെ വ്യക്തമാണ്. ജീവചരിത്രം എന്നതിലുപരി ഇതൊരു പുണ്യാത്മാക്കളുടെ ചരിത്രം പറയല്‍ പോലെയാണ്. പ്രതിപക്ഷ പാര്‍ട്ടിയെ അഴിമതിക്കാരായും വളരെ മോശമായും ചിത്രീകരിക്കുന്ന നിരവധി സീനുകള്‍ ഈ സിനിമയിലുണ്ട്. അവരുടെ നേതാക്കളെ വേഗത്തില്‍ തിരിച്ചറിയും വിധമാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു വ്യക്തിക്ക് ഒരു കള്‍ട്ട് പരിവേഷം നല്‍കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഈ സിനിമ ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ സ്തുതി പാടി അദ്ദേഹത്തിന് വിശുദ്ധന്റെ പദവി നല്‍കുകയാണ് ഈ സിനിമ ചെയ്യുന്നത്- സിനിമ വിലയിരുത്തിയ കമ്മീഷന്റെ സമിതിയുടെ 20 പേജ് വരുന്ന റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയ അഭിപ്രായം ഇതാണ്.
 

Latest News