മുംബൈ- മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ രാജ് പുരോഹിത്. ബ്രിട്ടീഷ് ഭരണകാലത്തെ അടിമത്തത്തിന്റെ പ്രതീകമായ പേര് നീക്കി ഭാരതീയ പേര് നൽകണമെന്നാണ് പുരോഹിതിന്റെ ആവശ്യം. അദ്ദേഹം നിർദേശിച്ചിരിക്കുന്ന പേര് 'ഭാരത് ദ്വാർ' എന്നാണ്.
സ്വാതന്ത്ര്യ സമര കാലത്തെ രക്തസാക്ഷികൾക്ക് അനുയോജ്യമായ ആദരാഞ്ജലിയായി വേണം പേര് മാറ്റമെന്നും പുരോഹിത് പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഇതിനകം തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിനെ കണ്ടു. ബോംബെ എന്ന പേര് നാം മുംബൈ എന്നാക്കി. മലബാർ ഹിൽ വാകേശ്വർ ആയി, വിക്ടോറിയ ടെർമിനസ് ഛത്രപതി ശിവാജി ടെർമിനസ് ആയി, പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഭരരണകാലത്തെ അടിമത്തത്തെ ഓർമ്മിപ്പിക്കുന്ന ഈ പേര് മാത്രം നിലനിർത്തണം -പുരോഹിത് ചോദിക്കുന്നു.
1924 ൽ നിർമ്മിച്ച ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുംബൈയിലെ പ്രധാന ചരിത്ര സ്മാരകമാണ്. 1911 ൽ ജോർജ് അഞ്ചാമൻ രാജാവും ക്വീൻ മേരിയും ചേർന്നാണ് ഗേറ്റ്‌വേക്ക് ശില പാകിയത്. ഭാരതീയ, അറബിക്, പാശ്ചാത്യ ശിൽപ ചാരുത വിളിച്ചോതുന്ന നിർമ്മാണമാണ് ഇന്ത്യൻ ഗേറ്റ്‌വേയുടേത്.