Sorry, you need to enable JavaScript to visit this website.

കണ്ണീര്‍ക്കടലായി ശ്രീലങ്ക; ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ലോകം

കൊളംബോ- ലോകത്തെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന്റെ ഈസ്റ്റര്‍ ആഘോഷത്തെ കണ്ണീരില്‍ മുക്കി ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര. ഈസ്റ്റര്‍ പ്രഭാതത്തില്‍ പ്രാര്‍ഥനക്കായി വിശ്വാസികള്‍ ഒത്തുചേര്‍ന്നപ്പോഴാണ് മൂന്ന് ചര്‍ച്ചുകളില്‍ സ്‌ഫോടനമുണ്ടായത്. പള്ളികള്‍ നിറഞ്ഞ സമയമായിരുന്നു അത്. ടൂറിസ്റ്റുകള്‍ ധാരാളമായി താമസിക്കാറുള്ള മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും അക്രമികള്‍ ലക്ഷ്യമിട്ടു. ഒറ്റ ഗ്രൂപ്പ് വളരെയേറെ ഏകോപനത്തോട നടത്തിയ ആക്രമണമാണിതെന്നാണ് പോലീസ് പറയുന്നത്.
ഈയടുത്ത കാലത്തൊന്നും ദക്ഷിണേഷ്യയില്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് ഇത്ര വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ലോകത്തെമ്പാടും ഈസ്റ്റര്‍ ആഘോഷം ദുഃഖസാന്ദ്രമായി. ക്രൈസ്തവരുടെ പ്രധാന പുണ്യദിനങ്ങള്‍ കടന്നുപോകവെ ഉണ്ടായ സംഭവം ദുഃഖവും വിലാപവുമാണ് കൊണ്ടുവന്നതെന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രാര്‍ഥനക്ക് ശേഷം പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.
പത്ത് വര്‍ഷം മുമ്പാണ് ശ്രീലങ്കയില്‍ 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ചത്. ആഭ്യന്തരയുദ്ധത്തില്‍ തമഴ് ഗറില്ലകള്‍ വികസിപ്പിച്ച ചാവേര്‍ ആക്രമണമാണ് പിന്നീട് മിഡില്‍ ഈസ്റ്റിലേക്ക് പകര്‍ത്തപ്പെട്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇത്തരമൊരു ബീഭത്സത പത്ത് വര്‍ഷം മുമ്പാണ് തങ്ങള്‍ കണ്ടതെന്ന് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഹെമാസിരി ഫെര്‍ണാണ്ടോ പറഞ്ഞു.
ചാവേറുകളാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്ന് പ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ധനെ പറഞ്ഞു. ബോംബാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്ക്, വാട്‌സാപ്പ്, തുടങ്ങി സമൂഹ മാധ്യമങ്ങളെല്ലാം അധികൃതര്‍ താല്‍ക്കാലികമായി നിരോധിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണിതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സെക്രട്ടറി ഉദയ സെനെവിരത്‌നെ പറഞ്ഞു.
ആരാധനലായങ്ങളില്‍ ചിതറിയ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ രക്തപ്പുഴ ഒഴുകി. സ്‌ഫോടനങ്ങള്‍ തകര്‍ന്ന ഹോട്ടലുകളെയ ചുമരുകളും ജനലുകളും തകര്‍ന്നിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗര മെര്‍ക്കല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങി ലോക നേതാക്കള്‍ ആക്രമണത്തെ അപലപിച്ചും അനുശോചിച്ചും ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തെ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.  
 

 

Latest News