ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ഓണ്‍ലൈന്‍ വെബ് സീരീസ് സംപ്രേഷണം തെരഞ്ഞെടുപ്പു കമ്മീഷന് വിലക്കി. നേരത്തെ മോഡിയുടെ സിനിമയും കമ്മീഷന് വിലക്കിയിരുന്നു. 'മോഡി- ജേണി ഓഫ് എ കോമണ്‍ മേന്‍' എന്ന വെബ് പരമ്പര തെരഞ്ഞെടുപ്പു കാലത്ത് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഇറോസ് നൗവിനോട് കമ്മീഷന് ഉത്തരവിട്ടു. പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ കഥ പറയുന്ന വെബ് സീരീസ് പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
പരമ്പരയുടെ ട്രെയ്ലര് കണ്ട ശേഷമാണ് കമ്മീഷന് തീരുമാനം. ഇതില്‍ മോഡിയുടെ കുട്ടിക്കാലം മുതല്‍ ദേശീയ നേതാവായുള്ള വളര്‍ച്ച വരെയുള്ള ജീവിതം പറയുന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയോ പാര്‍ട്ടികളുടെയോ ചരിത്രം പറയുന്ന ഇതു പോലുള്ള രചനകള്‍ തെരഞ്ഞെടുപ്പു രംഗത്ത് എല്ലാവര്‍ക്കുമുള്ള സമത്വത്തിന് വിഘാതം സൃഷ്ടിക്കും. അതു കൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും കമ്മീഷന് വ്യക്തമാക്കി. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് മോഡി സിനിമയുടെ റിലീസും തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ഏപ്പില്‍ 22-ന് ഈ ഹരജി കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.