ന്യൂദല്‍ഹി- പരിമിത സ്വാതന്ത്ര്യമാണ് ഇന്ത്യയില്‍ വിമാന കമ്പനികളെ തകര്‍ക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട).
ഇന്ത്യയില്‍ വ്യോമഗതാഗത വ്യവസായത്തിന് അനന്ത സാധ്യതകളാണുള്ളതെങ്കിലും യഥാര്‍ഥ വാണിജ്യാടിസ്ഥാനത്തില്‍ ബിസിനസ് നടത്താനുള്ള സ്വാതന്ത്ര്യമില്ലെന്ന് അയാട്ട കുറ്റപ്പെടുത്തുന്നു.
കടക്കെണിയിലായ ജെറ്റ് എയര്‍വേയസ് അതിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയ പശ്ചാത്തലത്തിലാണ് 290 വിമാന കമ്പനികള്‍ അംഗങ്ങളായ അയാട്ടയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ജെറ്റ് എയര്‍വേയ്‌സും അയാട്ട അംഗമാണ്. ഇന്ത്യയില്‍ വന്‍സാധ്യതകളോടൊപ്പം വിമാന കമ്പനികള്‍ക്ക് വെല്ലുവിളികളുമുണ്ടെന്ന് അയാട്ട കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് അസി. ഡയരക്ടര്‍ ആല്‍ബര്‍ട്് ജോയംഗ് പറഞ്ഞു. ഇന്ധനം, നികുതി, എയര്‍പോര്‍ട്ട് ചാര്‍ജ് തുടങ്ങി വിമാന കമ്പനികള്‍ക്ക് വന്‍ ചെലവാണുള്ളത്. ഇന്ധന ചെലവിന്റെ ആഗോള ശരാശരി 24 ശതമാനമാണെങ്കിലും ഇന്ത്യയില്‍ ഇത് 34 ശതമാനമാണ്. ഇതൊടപ്പമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും എയര്‍ലൈനുകള്‍ക്ക് വന്‍തിരിച്ചടിയാകുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ധനത്തിന് ഏര്‍പ്പെടുത്തുന്ന നികുതിയും നിയന്ത്രണവുമാണ് മറ്റൊരു ഭീഷണി. എയര്‍പോര്‍ട്ടുകളില്‍ ഇന്ധന വിതരണക്കാര്‍ തമ്മില്‍ മത്സരമില്ല. എക്‌സൈസ് നികുതികളും സംസ്ഥാന നികുതികളും 30 ശതമാനം വരെ എത്തുന്നു. ഇന്ത്യയില്‍ വ്യോമയാന വ്യവസായം ശക്തിപ്പെടണമെങ്കില്‍ നിയന്ത്രണങ്ങള്‍ നീക്കുകയും പൂര്‍ണാര്‍ഥത്തിലുള്ള സ്വതന്ത്ര വ്യാപാരം അനുവദിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.