Sorry, you need to enable JavaScript to visit this website.

പുണ്യമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങാം

വിശുദ്ധിയുടെ പ്രഭ ചൊരിഞ്ഞ് വീണ്ടുമൊരു റമദാന്‍ വരവായി. മനസ്സും ശരീരവും ഒരുക്കി പുണ്യമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസി സമൂഹം. റമദാന് വേണ്ടി നാടും നഗരവും കുടിലും കൊട്ടാരവുമെല്ലാം അണിഞ്ഞൊരുങ്ങുകയാണ്. പുതിയ കാര്‍പെറ്റുകള്‍ വിരിച്ചും സൗകര്യങ്ങളൊരുക്കിയും മസ്ജിദുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പോയ വാരങ്ങളില്‍ ജുമുഅ ഖുതുബകളില്‍ ഇമാമുമാര്‍ പ്രാര്‍ഥിച്ചത് റമദാനെ ഞങ്ങളിലേക്ക് എത്തിക്കേണമേ എന്നാണ്.
കര്‍മങ്ങള്‍ക്ക് എഴുപതും എഴുന്നൂറും എഴുപതിനായിരവും ഇരട്ടി പ്രതിഫലങ്ങള്‍ ലഭിക്കുമെന്ന വിശേഷണത്തിനര്‍ഹമായ മാസം. വിശ്വാസികളുടെ ഹൃദയങ്ങളെ കഴുകിയെടുക്കുന്ന മാസം. വ്യക്തിപരമായും സാമൂഹികമായും മനഷ്യനെ മാറ്റിയെടുക്കുന്ന മാനവികതയുടെ മാസം കൂടിയാണ് റമദാന്‍. വര്‍ഷത്തിലൊരിക്കല്‍ നമ്മിലേക്ക് വന്നെത്തുന്ന അതിഥിയായ റമദാനെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്ക് കഴിയണം. നോമ്പുകാരന് ഒരു കാപട്യവും പാടില്ല. അല്ലാഹുവുമായുള്ള രഹസ്യ കരാറാണ് നോമ്പ്. നോമ്പുകാരന്റെ മനസ്സറിയുന്നവന്‍ അല്ലാഹു മാത്രം.
റമദാന്‍ ആസന്നമായിരിക്കെ കുടുംബത്തെ കൂടി അതിനു സജ്ജമാക്കേണ്ട ദിവസങ്ങളാണിത്. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും കൂടിയാലോചിച്ച് റമദാനെ ചൈതന്യത്തോടെ വരവേല്‍ക്കാന്‍ സാധിക്കണം. ഗൃഹനാഥക്കും ആരാധനകളിലൂടെ അല്ലാഹുവിലേക്ക് അടുക്കുവാനുള്ള സമയം ലഭിക്കുന്നതിന് കാലേക്കൂട്ടിയുള്ള ആസൂത്രണം ആവശ്യമാണ്. അവരെ അടുക്കളയില്‍ തളച്ചിടുന്നതാകരുത് നോമ്പ്. രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കണമെന്ന ചിന്ത ഒഴിവാക്കി ഭക്ഷണത്തില്‍ ലാളിത്യം സ്വീകരിച്ചാല്‍ കുടുംബിനിക്കും ധാരാളം സമയം ലഭിക്കും.
വിശുദ്ധ മാസത്തില്‍ പാവങ്ങളുടെ കണ്ണീരൊപ്പാനും അവര്‍ക്ക് ഭക്ഷണക്കിറ്റുകളെത്തിക്കാനും എല്ലാ സംഘടനകളും രംഗത്തുണ്ട്. ഉത്തരേന്ത്യയിലടക്കം കേരളത്തില്‍നിന്ന് റമദാന്‍ കിറ്റുകള്‍ എത്തിക്കാന്‍ സംഘടനകള്‍ക്ക് സംവിധാനമുണ്ട്. അതില്‍ കൂടി സഹകരിക്കുമ്പോഴാണ് റമദാന്‍ മാനവികതയുടെ മാസം കൂടിയാകുന്നുത്.
റമദാന്‍ നല്‍കുന്ന പരിശുദ്ധിയുടെ വ്യാപ്തി വളരെ വലുതാണ്. റമദാന്‍ ഉള്ളവനും ഇല്ലാത്തവനും ഒരു പോലെയാണ്. പണക്കാരനെയും പാവപ്പെട്ടവനെയും ഒരു ചരടില്‍ കോര്‍ത്തിണക്കിയാണ് റമദാന്റെ വരവ്. ആത്മസംസ്‌കരണത്തിന്റെയും ത്യാഗത്തിന്റെയും അനുകമ്പയുടെയും മഹത്‌സന്ദേശങ്ങളാല്‍ സമ്പന്നമാണ് ഈ മാസം. മാനുഷികമായ നിരവധി ശീലങ്ങള്‍ വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമാക്കിയെടുക്കാന്‍ നോമ്പുകാരന് കഴിയുന്നു. ശരീരത്തെയും ആത്മാവിനെയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തളച്ചിട്ടു കൊണ്ട് മനുഷ്യന്‍ സ്രഷ്ടാവിന് മുന്നില്‍ അനുസരണയുള്ള അടിമയായി മാറുന്നു. തിന്നുകയും വിശ്രമിക്കുകയും രമിക്കുകയും ചെയ്യുകയെന്ന മാനുഷിക വികാരത്തെ നിശ്ചിത സമയത്തേക്ക് തടഞ്ഞ് കൊണ്ട് അസാധാരണമായ ആത്മീയ അനുഭൂതിയിലേക്കാണ് വ്രതമാസം വിശ്വാസിയെ എത്തിക്കുന്നത്. എല്ലാം സമൃദ്ധമാണെങ്കിലും മിതമായി ഉപയോഗപ്പെടുത്തണമെന്ന അല്ലാഹുവിന്റെ കല്‍പന ഏറ്റവുമധികം പാലിക്കപ്പെടുന്നത് റമദാന്‍ മാസത്തിലാണ്.
സത്യത്തിന്റെ വെളിച്ചവുമായി വിശുദ്ധ വചനങ്ങള്‍ പെയ്തിറങ്ങിയ മാസം കൂടിയാണ് റമദാന്‍. മരണാനന്തര മോക്ഷത്തിന് വഴിയൊരുക്കാന്‍  അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ സുവര്‍ണാവസരമാണ് റമദാന്‍. പുണ്യങ്ങള്‍ വാരിക്കൂട്ടാനും പാപത്തിന്റെ ഭാരമിറക്കാനുമുള്ള സുവര്‍ണാവസരം.
അചഞ്ചലമായ വിശ്വാസത്തിന്റെയും നിരാഹാരത്തിന്റെയും സമരമാണ് നോമ്പ്. പിശാചിനെതിരെ വിശ്വാസികളുടെ ഏറ്റവും ഉന്നതമായ സമരം.
ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ച് മനുഷ്യന്‍ നിരാഹാരം നടത്തുന്നതോടെ വിശപ്പിന്റെ വിഷമങ്ങള്‍ മനസ്സിലാക്കുകയും വിശന്നവനെ സല്‍ക്കരിക്കുകയും ചെയ്യുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ദാഹവും ക്ഷീണവുമെല്ലാം മറന്ന് ആത്മാവിനെ ശുദ്ധീകരിക്കുകയാണ് റമദാന്‍ വ്രതത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. സ്‌നേഹവും സഹനവും മനുഷ്യര്‍ നോമ്പിലൂടെ അനുഭവിച്ചറിയുന്നു. ദാരിദ്ര്യത്തിന്റെ നീര്‍ക്കയത്തില്‍ മുങ്ങിപ്പോകുന്ന പട്ടിണിപ്പാവങ്ങളുടെ വേദന എത്രമാത്രമെന്ന് മനസ്സിലാക്കാന്‍ പകല്‍ മുഴുവന്‍ അന്ന പാനീയങ്ങള്‍ വെടിയുന്ന നോമ്പുകാരന് കഴിയുന്നു. അതിലൂടെ പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് അവനിലുണ്ടാവുന്നു.
മുസ്്‌ലിം ലോകം പ്രാര്‍ഥനയോടൊപ്പം അത്യന്തം ആവേശത്തോടെയാണ് റമദാനെ സ്വാഗതം ചെയ്യുന്നത്. ലോകത്തിന്റെ മുക്കിലും മൂലയിലും റമദാന്റെ പ്രഭ കാണാം.
നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ വേണ്ടി നിങ്ങള്‍ക്ക് നോമ്പിനെ നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. ഹൃദയത്തിലെ മാലിന്യങ്ങള്‍ കഴുകിത്തുടച്ച് മനസ്സിനെ ശുദ്ധീകരിക്കുകയണ് റമദാനിലെ ഓരോ വ്രതവും.
കൂടുതല്‍ ആത്മശുദ്ധിയോടെയും ലക്ഷ്യബോധത്തോടെയും കൂടി ഭാവിജീവിതത്തെ നേരിടാനുള്ള കരുത്താണ് റമദാന്‍ വ്രതത്തിലൂടെ നാം നേടിയെടുക്കുന്നത്. നോമ്പ് ഉപേക്ഷിക്കുന്നവര്‍ക്ക് ശക്തമായ താക്കീത് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. സൂക്ഷ്മതയോട് കൂടി നോമ്പ് അനുഷഠിക്കുന്നവര്‍ക്ക് പാരത്രികമായി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് പുറമെ ഈ ലോകത്ത് തന്നെ നിരവധി പ്രയോജനം ലഭിക്കുന്നു. ഹൃദ്രോഗികള്‍ക്കും രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും വ്രതാനുഷ്ഠാനം ആശ്വാസകരമായ പ്രായോഗിക പരിഹാരമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വ്രതം ശരീരത്തിന് ഊര്‍ജ ലാഭവും നാഡീവ്യൂഹത്തിനും തലച്ചോറിനും ആമാശയ അനുബന്ധ അവയവങ്ങള്‍ക്കും ഉന്മേഷവും നല്‍കുന്നു.
മനുഷ്യന്റെ ശരീരം മണ്ണില്‍ നിന്നും ആത്മാവ് അല്ലാവുവില്‍ നിന്നുമുള്ളതാണ്.  ആത്മാവ് മനുഷ്യനെ നന്മയിലേക്ക് വഴി തെളിച്ചു കൊണ്ടിരിക്കും. ശരീരമാണെങ്കില്‍ അവനെ ദുഷ്ചിന്തകളിലേക്ക് വലിച്ചിഴച്ചേക്കാം. ശരീരത്തിനെതിരെ ആത്മാവ് വിജയിച്ചാല്‍ വിശ്വാസിയും വിജയിച്ചു.
അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ദാഹവും ക്ഷീണവുമെല്ലാം മറന്ന് ആത്മാവിനെ ശുദ്ധീകരിക്കുകയാണ് റമദാന്‍ വ്രതത്തിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്. ചിന്തകള്‍ക്കും ചെയ്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടൊപ്പം ആരാധനയില്‍ ചൈതന്യം നിറയുന്നതായിരിക്കണം നമ്മുടെ നോമ്പുകള്‍.
 

 

Latest News