Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ മാത്രം മഴക്കെടുതി സഹായം; വിവാദത്തെ തുടര്‍ന്ന് മോഡി തിരുത്തി

ന്യൂദല്‍ഹി-ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡി ധനസഹായം പ്രഖ്യാപിച്ചത് വിവാദമായി. കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചതോടെ  മറ്റു സംസ്ഥാനങ്ങളിലും അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മഴക്കെടുതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഗുജറാത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.  എന്നാല്‍ മോഡി ഗുജറാത്ത് പ്രധാനമന്ത്രിയാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയാണോയെന്ന് വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടു.
ബി.ജെ.പി സര്‍ക്കാര്‍ അല്ലെങ്കിലും മധ്യപ്രദേശിലുള്ളവരും മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും കമല്‍ നാഥ് ട്വീറ്റ് ചെയ്തു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കാറ്റിലും മഴയിലും ദുരന്തമുണ്ടായ രാജസ്ഥാന്‍, മധ്യപ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടി പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകൗര്യങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയും പറഞ്ഞു.
ശക്തമായ കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ 31 പേരാണ് മരിച്ചത്. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും ഒമ്പത് പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അജ്മീര്‍, കോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയും പിന്നാലെ കൊടുങ്കാറ്റുമുണ്ടായത്. രാജസ്ഥാന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ട്.
ഗുജറാത്തില്‍ ഒമ്പത് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കാനിരിക്കുന്ന സബര്‍കാന്തയിലെ വേദിയുടെ ഒരുഭാഗം കാറ്റില്‍ തകര്‍ന്നു. വടക്കന്‍ ഗുജറാത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. രണ്ട് ദിവസങ്ങളിലായി പ്രകൃതിക്ഷോഭത്തില്‍ 16 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. സംസ്ഥാനത്ത് വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂരില്‍ മൂന്ന് പേര്‍ കാറ്റിലും മഴയിലും മരിച്ചു.

 

Latest News