വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണ വിഭവങ്ങള്‍ക്ക് രുചിക്കുറവ് അനുഭവപ്പെടുന്നത് നിങ്ങള്‍ക്കു മാത്രമല്ല. ഈ പ്രശ്‌നത്തിന് വിമാന സര്‍വീസുകളുടെ തുടക്കത്തോളം പഴക്കമുണ്ട്. എല്ലാവരും ഇത്രയും കാലം പരാതിപ്പെട്ടിട്ടും വിമാനക്കമ്പനികളൊന്നും എന്തുകൊണ്ട് വിഭവങ്ങളുടെ രുചി കൂട്ടുന്നില്ല എന്നു സ്വാഭാവികമായും സംശയിക്കാം. എന്നാല്‍ പ്രശ്‌നം ഭക്ഷണത്തിന്റേതല്ല എന്നതാണ് വസ്തു. അതു കഴിക്കുന്ന യാത്രക്കാരാണ് പ്രശ്‌നം. രുചി കുറഞ്ഞതിന് ഭക്ഷണത്തെ പഴിച്ചിട്ട് കാര്യമില്ലെന്ന്. വിമാനത്തിനുള്ളിലെ ഈര്‍പ്പത്തിന്റെ തോതാണ് കാരണം. വിമാനത്തിനകത്തെ വായുവില്‍ 20 ശതമാനം മാത്രമെ ഈര്‍പ്പമുള്ളൂ. ശരിക്കും വരണ്ട വായുവായിരിക്കും. സഹാറ മരുഭൂമിയിലെ വായുവിനു പോലും 25 ശതമാനം മാത്രമെ ഈര്‍പ്പമുള്ളൂ.
വിമാനത്തിനുള്ളിലെ ഈര്‍പ്പത്തിന്റെ അഭാവം ഭക്ഷ്യവസ്തുക്കളെ ഉണക്കുന്നതോടൊപ്പം നമ്മുടെ രുചിയറിയാനുള്ള ശേഷിയെയും ബാധിക്കുന്നു. മണം പിടിക്കാനുള്ള നമ്മുടെ ശേഷി പ്രവര്‍ത്തിക്കുന്നത് വായുവിലെ ഈര്‍പ്പത്തോടൊപ്പമാണ്. ഈര്‍പ്പം ഇല്ലെങ്കില്‍ നന്നായി മണം പിടിക്കാനും രുചിക്കാനും കഴിയില്ല.
ജലദോഷം ബാധിച്ച ഒരാളുടെ ഭക്ഷണം രുചിക്കാനുള്ള ശേഷിക്കു സമാനമാണ് വിമാനത്തിനുള്ളില്‍ രുചിയറിയാനുള്ള കഴിവെന്ന് മറ്റൊരു പഠനം പറയുന്നു. എത്ര വിലകൂടിയ ഭക്ഷണമായാലും രുചിയുണ്ടെങ്കിലും ഭൂമിയില്‍ അതു രുചിക്കുന്ന പോലെ വിമാനത്തിനുള്ളില്‍ സാധ്യമല്ലെന്നു സാരം. 2014-ല്‍ ഓക്‌സ്‌ഫോഡിലെ ഒരു മനശാസ്ത്രജ്ഞന്‍ നടത്തിയ പഠനം പറയുന്നത് വിമാനത്തിനുള്ളിലെ ഉച്ചത്തിലുള്ള നിരന്ത ശബ്ദം രുചിയറിയുന്ന ഇന്ദ്രിയത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ്. രുചിക്കുറവെന്ന പരാതി തീര്‍ക്കാന്‍ വിമാനക്കമ്പനികള്‍ക്ക് പലപ്പോഴും 30 ശതമാനം അധികം പഞ്ചസാരയും ഉപ്പുമെല്ലാം ചേര്‍ക്കേണ്ടി വരും. അത് ആരോഗ്യത്തിന് അത്ര നല്ലതുമല്ല.