ഗാന്ധിനഗര്‍- പോളിങ് ബൂത്തുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യാമറകള്‍ വച്ചിട്ടുണ്ടെന്നും ആരെങ്കിലും കോണ്‍ഗ്രസിനു വോട്ടു ചെയ്താല്‍ പിടികൂടുമെന്നും ഗുജറാത്തിലെ ബിജെപി എംഎല്‍എ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നത് വിവാദമായി. ഫത്തേപുര മണ്ഡലത്തിലെ ബിജെപി എംഎല്‍എ രമേശ് കടാരയാണ് ദഹോഡ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു ചെറുസംഘം വോട്ടര്‍മാരെ ചൊവ്വാഴ്ച ഭീഷണിപ്പെടുത്തിയത്. 'ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരും താമര ചിഹ്നവും വോട്ടിങ് മെഷീനില്‍ കാണാം. അതു നോക്കി വേണം കുത്താന്‍. ഇത്തവണ മോഡി സാബ് ക്യാമറകള്‍ വച്ചിട്ടുള്ളതിനാല്‍ പിഴവ് സംഭവിക്കാന്‍ ഒരുവഴിയുമില്ല,' കടാര പറഞ്ഞു.
ആരാണ് ബിജെപിക്കു വോട്ടു ചെയ്തത്. ആരാണ് കോണ്‍ഗ്രസിനു വോട്ടു ചെയ്തത് എന്നത് കാണാന്‍ കഴിയും. ആധാര്‍ കാര്‍ഡ് അടക്കമുള്ള എല്ലാ കാര്‍ഡുകളിലും ഇപ്പോള്‍ നിങ്ങളുടെ ഫോട്ടോയുണ്ട്. നിങ്ങളുടെ ബൂത്തില്‍ വോട്ടു കുറഞ്ഞാല്‍ വോട്ടു ചെയ്യാത്തത് ആരാണെന്ന് മോഡിക്ക് അറിയാന്‍ കഴിയും. പിന്നീട് നിങ്ങള്‍ക്ക് ജോലിയും കിട്ടില്ല,' കടാര വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ട് ഉറപ്പാക്കുന്ന ബിജെപി നേതാക്കളുടെ രീതി പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കി. ഈ ഭീഷണികള്‍ നിസ്സാരമായി എടുക്കരുതെന്ന് ആര്‍ജെഡി പ്രതികരിച്ചു. നിസ്സഹായരും ശബ്ദമില്ലാത്തവരുമായ പൗരന്മാരെ വോട്ടിനായി ഭീഷണിപ്പെടുത്തുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രത്യാഘാതമുണ്ടാകുമെന്നും ആര്‍ജെഡി പ്രതികരിച്ചു.