ന്യൂദല്‍ഹി- തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫിസില്‍ നിന്നു കണക്കില്‍പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കാനുളള ശുപാര്‍ശ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്റെ മകനാണ് കതിര് ആനന്ദ്.
വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി കതിര് ആനന്ദിന്റെ ഓഫിസില്‍ ബുധനാഴ്ച ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ കതിര് ആനന്ദ്, പാര്‍ട്ടി ഭാരവാഹികളായ ശ്രീനിവാസന്, ദാമോദരന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിനാണ് കതിര് ആനന്ദിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കോഴ വാങ്ങിയതിനാണ് ശ്രീനിവാസനും ദാമോദരനുമെതിരെ കേസ്.
മാര്‍ച്ച് 30ന് ദുരൈ മുരുകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം ദുരൈ മുരുകന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടി രൂപയും പിടിച്ചു. തെരഞ്ഞെടുപ്പില്‍ നേരിടാന്‍ ധൈര്യമില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ ഗൂഢാലോചനയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്നാണ് ദുരൈ മുരുകന്റെ ആരോപണം.