ലഖ്‌നൗ- മണവാളന്റെ ലഹരി ഉപയോഗം രസിച്ചില്ല, വിവാഹം മുടങ്ങി. വിവാഹ വേദിയിൽ നിന്നു നവവധു ഇറങ്ങിപ്പോയതിന് കാരണം വരന്റെ പാൻമസാല ഉപയോഗം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ മുരാർപട്ടി ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ വരൻ പാൻമസാല ചവച്ചുകൊണ്ടാണ് മണ്ഡപത്തിലെത്തിയത്.
പാൻമസാലയ്ക്ക് അടിമയായ ഒരാളെ വിവാഹം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഗുഡ്ക എന്നറിയപ്പെടുന്ന പാൻമസാലയ്ക്ക് അടിമയായിരുന്നു വരൻ. കോളേജ് വിദ്യാർത്ഥിനിയാണ് വധു. വധുവിന്റെ തീരുമാനത്തിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലാണ്. ഒരു രാത്രി മുഴുവൻ ബന്ധുക്കളും സുഹൃത്തുക്കളും പെൺകുട്ടിയുമായി സംസാരിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു വധു അറിയിച്ചു. തുടർന്ന് വരന്റെ ബന്ധുക്കൾ പേലീസിൽ പരാതിപ്പെട്ടു. പേലീസ് പെൺകുട്ടിയുമായി സംസാരിച്ചുവെങ്കിലും അവസാനം പെൺകുട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു.