ന്യൂദല്‍ഹി- ചൈനീസ് വിപണിയില്‍ വളര്‍ച്ച മുരടിച്ചതോടെ ആപ്പ്ള്‍ സ്മാര്‍ട്‌ഫോണുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ ഉല്‍പാദനം വന്‍തോതിലാക്കുമെന്ന് ആപ്പ്‌ളിന്റെ ഏറ്റവും വലിയ അസംബ്ലിങ് കമ്പനിയായ തായ്‌വാനിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ടെറി ഗോ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തന ഇന്ത്യയില്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ആപ്പളിന്റെ പഴയ മോഡലുകള്‍ ബെംഗളുരുവിലെ പ്ലാന്റില്‍ ഉല്‍പാദിപ്പിച്ചിരുന്നു. ഇനി പുതിയ മോഡലുകലും ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റാണ് പുതുതായി വരുന്നത്. ഇതിനായ ചെന്നൈയില്‍ പുര്‍ണ സജ്ജമായ ഫാക്ടറി തയാറായി. ഇവിടെ പരീക്ഷണാര്‍ത്ഥമുള്ള ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും. വളരെ വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ ഈ രംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്ന കമ്പനിയായ തങ്ങള്‍ മാറുമെന്നും ഫോക്‌സ്‌കോണ്‍ മേധാവി പറഞ്ഞു. ചൈനയില്‍ ഹുവാവെ, ഷവോമി തുടങ്ങി പ്രാദേശിക ബ്രാന്‍ഡുകളുടെ കുതിപ്പില്‍ വന്‍ വിപണി നഷ്ടം നേരിട്ട ആപ്പ്ള്‍ ഇനി പ്രതീക്ഷയര്‍പ്പിക്കുന്നത് ഇന്ത്യയിലാണ്. ഉയര്‍ന്ന വിലകാരണം ഇന്ത്യന്‍ വിപണിയില്‍ നാമമാത്രമാണ് ആപ്പ്‌ളിന്റെ സാന്നിധ്യം. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ 20 ശതമാനം വരുന്ന ഇറക്കുമതി തീരുവ ഇല്ലാതാകും. ഇതോടെ ആപ്പ്ള്‍ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വലിയ വിലകുറവുണ്ടാകും.