ഇനി ഓത്ത്
ഇന്റർനെറ്റ് എന്നു കേൾക്കുമ്പോൾ നാവിൻ തുമ്പത്ത് വന്നിരുന്ന ആ പേര് യാഹൂ പഴയതു പോലെ ഇനിയില്ല. സ്വതന്ത്ര കമ്പനിയെന്ന നിലയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട യാത്ര യാഹൂ അവസാനിപ്പിച്ചു. കമ്പനിയുടെ മുഴുവൻ ഓൺലൈൻ ആസ്തികളും ടെലിക്കോം ഭീമൻ വെറൈസൺ സ്വന്തമാക്കിയതോടെയാണ് ഇന്റർനെറ്റ് അതികായന്മാരായ യാഹൂ അരങ്ങ് വിടുന്നത്.
448 കോടി ഡോളറിന്റെ ഇടപാട് പൂർത്തിയായതോടെ പ്രതീക്ഷിച്ചതു പോലെ യാഹൂ ചീഫ് എക്‌സിക്യുട്ടീവ് മാരിസ്സ മേയർ രാജിവെച്ചു. യാഹൂ ഇന്റർനെറ്റ് സേവനങ്ങൾ വെറൈസന് കീഴിലുള്ള പുതിയ യൂനിറ്റായ ഓത്തിൽ ലയിപ്പിച്ചു. ഇന്റർനെറ്റിൽതന്നെ പയറ്റിയിരുന്ന ഏ.ഒ.എൽ കൂടി ഉൾക്കൊള്ളുന്നതാണ് ഓത്ത്.
വെറൈസണിന്റെ മീഡിയ ആന്റ് ടെലിമാറ്റിക്‌സ് വിഭാഗമായ ഓത്തിന്റെ സി.ഇ.ഒ നേരത്തെ എ.ഒ.എൽ ചീഫ് എക്‌സിക്യുട്ടീവായിരുന്ന ടിം ആംസ്‌ട്രോംഗാണ്. കരുത്തുറ്റ സാങ്കേതികതയും വിശ്വാസ്യതയും കൈമുതലാക്കി പുതിയ ബ്രാൻഡുകൾ നിർമിക്കുകയാണെന്ന് ആംസ്‌ട്രോംഗ് പത്രക്കുറിപ്പിൽ അറിയിച്ചു. നേരത്തെ ഹഫിഗ്ടൺ പോസ്റ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഹഫ്‌പോസ്റ്റ് അടക്കമുളള ഡിജിറ്റൽ മീഡിയ ഉൾക്കൊള്ളുന്നതാണ് ഓത്ത്.
ലോകത്തെമ്പാടുമായി 100 കോടിയിലേറെ ജനങ്ങൾ ഉപയോഗിച്ചിരുന്ന യാഹൂ ബ്രാൻഡിനെ എങ്ങനെയാണ് ഇനി ഉപയോഗിക്കാൻ പോകുന്നതെന്ന് വെറൈസൺ വെളിപ്പെടുത്തിയിട്ടില്ല. യാഹൂ സ്‌പോർട്‌സ്, യാഹൂ ഫിനാൻസ്, യാഹൂ മെയിൽ എന്നിവ അതേപടി നിലനിർത്തുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ലയനത്തിന്റെ ഭാഗമായി ആയിരത്തോളം പേർക്ക് ജോലി പോകുമെന്ന് റിപ്പോർട്ടുകളിൽ പറയുണ്ടെങ്കിലും യാഹൂവോ വെറൈസണോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2000 ൽ 1250 കോടി ഡോളറിന്റെ വിപണി മൂല്യമുണ്ടായിരുന്ന യാഹൂ കമ്പനി പിന്നീടിങ്ങോട്ട് തളരുകയായിരുന്നു.
ഒറിജിനിൽ യാഹൂ ഗ്രൂപ്പ് ചൈനീസ് ഇന്റർനെറ്റ് കുത്തക ആലിബാബക്കും യാഹൂ ജപ്പാനും പങ്കാളിത്തമുള്ള ഹോൾഡിംഗ് കമ്പനിയായി മാറി അടുത്ത ദിവസം ഇതിന്റെ പേരെ അൽതബ എന്നാകും. തിങ്കളാഴ്ച മുതൽ ആബ എന്ന പേരിലായിരിക്കും ഓഹരി വിപണിയിലുണ്ടാവുക. സിലിക്കൺ വാലിയിലെ പ്രതീകമായിരുന്ന യാഹൂവിന്റെ തകർച്ചക്ക് സാക്ഷ്യം വഹിച്ച മരിസ്സ മേയർ വിടവാങ്ങിയപ്പോൾ ലഭിച്ചത് 186 ദശലക്ഷം ഡോളറാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.