ലണ്ടന്‍- പാക്കിസ്ഥാനില്‍ മുസ്്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് ഒരു സംഘം സിന്ധി സ്ത്രീകള്‍ ലണ്ടനില്‍ പ്രതിഷേധിച്ചു. പാക്കിസ്ഥാന് ഹൈക്കമ്മീഷനു മുന്നിലായിരുന്നു പ്രതിഷേധം. ഹിന്ദു പെണ്‍കുട്ടികളോട് അനീതി തുടരുകയാണെന്ന് ഇന്റര്‍നാഷണല്‍ സിന്ധി വിമെന്‍ ഓര്ഗനൈസേഷന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ മുദ്രാവാക്യം മുഴക്കി. ന്യൂനപക്ഷ സമുദായത്തിലുള്ളവരെ, പ്രത്യേകിച്ച് ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് ക്രൂരവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണെന്ന് വേള്‍ഡ് സിന്ധി കോണ്‍ഗ്രസ് അധ്യക്ഷ റുബീന ശൈഖ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പാക്കിസ്ഥാനും അതിന്റെ സ്ഥാപനങ്ങളും പരാജയപ്പെട്ടുവെന്ന് അവര്‍ കുറ്റപ്പെടുത്തി. തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാന് ഹൈക്കമീഷന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.