Sorry, you need to enable JavaScript to visit this website.

ബി.ജെ.പി തലയില്ലാത്ത കോഴി

ലാലു പ്രസാദ് യാദവിന്റെ മകളെന്ന നിലയിലാവാം മിസാ ഭാരതി ബിഹാറിലെ പാടലിപുത്രയിൽ മത്സരിക്കുന്നത്. എന്നാൽ നിലപാടുകളിലെ വ്യക്തത ഈ യുവ ലീഡറെ വേറിട്ടുനിർത്തുന്നു. മിസാ ഭാരതിയുമായി അഭിമുഖം. 2014 ൽ പാടലിപുത്രയിൽ ബി.ജെ.പിയിൽ ചേർന്ന ആർ.ജെ.ഡി വിമതനേതാവ് രാംകൃപാൽ യാദവിനോട് നേരിയ ഭൂരിപക്ഷത്തിനാണ് മിസ തോറ്റത്. ഇത്തവണയും ഇവർ തമ്മിലാണ് പോരാട്ടം.


ചോ: ലാലുപ്രസാദിന്റെ നേരിട്ട് ഇടപെടലില്ലാത്ത ഈ തെരഞ്ഞെടുപ്പിൽ താങ്കളും സഹോദരൻ തേജസ്വി യാദവും മത്സരിക്കുകയാണ്. മറ്റൊരു സഹോദരൻ തേ്ജ്പ്രതാപ് വിമതശബ്ദമുയർത്തിയിരിക്കുന്നു. ചേച്ചിയെന്ന നിലയിൽ എങ്ങനെയാണ് എല്ലാം നിയന്ത്രിക്കുക?

ഉ: ലാലുജി വെറുമൊരു വ്യക്തിയല്ല, ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രസ്ഥാനമാണ്. അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഇരകളാക്കപ്പെട്ടവരുടെയും ശബ്ദമാണ് അദ്ദേഹം. ആ വിടവ് നികത്താനാവില്ലെന്ന് ഞങ്ങൾക്കറിയാം. അത് നികത്തേണ്ടത് എന്റെയോ തേജസ്വിയുടെയോ മാത്രം ചുമതലയല്ല. എല്ലാ സീനിയർ നേതാക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഈ ബോധമുണ്ട്. ആർ.ജെ.ഡി വെറുമൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല. സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു വ്യക്തിയെ പിന്തുടരുന്ന പ്രചോദിതരായ നിരവധി വ്യക്തിത്വങ്ങളുടെ കൂട്ടമാണ് അത്. തേജ്പ്രതാപും തേജസ്വിയും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. താൻ നിർദേശിച്ച സ്ഥാനാർഥികളെ അംഗീകരിക്കാത്തതിലുള്ള പ്രയാസം തേജ്പ്രതാപ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ എല്ലാം അവിടെ അവസാനിച്ചു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിച്ചു. വിമതപ്രവർത്തനമോ ആശങ്കയോ ഇല്ല. പാർട്ടിക്കായി തേജ്പ്രതാപ് പ്രചാരണം നടത്തുന്നുണ്ട്, പ്രത്യേകിച്ചും പാടലിപുത്രയിൽ സജീവമായുണ്ട്. 

ചോ: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കാണുന്നുണ്ടോ? 

ഉ: രാഹുൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്. മനുഷ്യത്വപരമായ നിലപാടാണ് അദ്ദേഹത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടിയെ അദ്ദേഹം ഭാവിയിലേക്ക് നയിക്കുകയാണ്. സാംസ്‌കാരികവും മതപരവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. സാമ്പത്തികവും സാമൂഹികവുമായ വലിയ അന്തരമുണ്ട് സമൂഹങ്ങൾ തമ്മിൽ. അനുകമ്പയും ലിബറൽ കാഴ്ചപ്പാടുമുള്ള, വൈജാത്യങ്ങളെ മാനിക്കുന്ന, വിവേചനങ്ങളെ മനസ്സിലാക്കുന്ന ഒരാൾക്കു മാത്രമേ രാജ്യത്തെ ശോഭനാത്മകവും ഐശ്വര്യപൂർണവുമായ ഭാവിയിലേക്ക് നയിക്കാനാവൂ. സ്വയം സൃഷ്ടിച്ച സാങ്കൽപികമായ ഭൂതകാലത്ത് ജീവിക്കുന്ന ഒരാൾക്ക് അതിന് കഴിയില്ല. 

ചോ: എങ്ങനെയാണ് ബി.ജെ.പിയെ തടഞ്ഞുനിർത്താൻ പോവുന്നത്?

ഉ: ബിഹാറിലെ ബി.ജെ.പി തലയില്ലാത്ത കോഴിയാണ്. സ്വന്തം ചിന്താശേഷിയോ കാഴ്ചപ്പാടോ ഇല്ലാത്ത അവർ സർവ ദിക്കുകളിലേക്കും ഓടുകയാണ്. നിരവധി വ്യക്തികൾ പാർട്ടിയുടെ നിയന്ത്രണം പിടിക്കാൻ മത്സരിക്കുന്നു. ഇപ്പോഴത്തെ ദേശീയ നേതൃത്വം അവരെ പൂർണമായി അടിമകളാക്കിയിരിക്കുന്നു. രണ്ട് വിഭാഗം നേതാക്കളുണ്ട് ബി.ജെ.പിയിൽ -ഉന്നത ജാതിക്കാർ സംഘി മനസ്സുള്ളവരാണ്. ഒ.ബി.സിയെയും ദലിതുകളെയും വനിതകളെയും ന്യൂനപക്ഷങ്ങളെയും അവർ വെറുക്കുന്നു. ഒ.ബി.സി, ദലിത് വിഭാഗങ്ങളിൽനിന്നുള്ളവർ ഈ അടിമത്തം പൂർണമായി അംഗീകരിച്ചു കഴിയുന്നവരാണ്. അവർക്ക് എന്തെങ്കിലും പാർട്ടി പദവി കിട്ടിയാൽ മതി. 
ബി.ജെ.പിയും സംഘികളും മറ്റു എൻ.ഡി.എ കക്ഷികളും അഴിച്ചുവിടുന്ന ഫാസിസത്തിനെതിരെയാണ് ബിഹാറിൽ മഹാസഖ്യം പൊരുതുന്നത്. ബിഹാറിൽ ബി.ജെ.പി അധികാരത്തിലേറിയതോടെ സംഘടിത കുറ്റകൃത്യങ്ങളും വർഗീയതയും സ്ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങളും പലയിരട്ടി വർധിച്ചു.  

ചോ: എന്തൊക്കെ വിഷയങ്ങളാണ് ആർ.ജെ.ഡി ഉന്നയിക്കുന്നത്? 

ഉ: കഴിഞ്ഞ അഞ്ചു വർഷം ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾ നേരിട്ട നിരന്തര അവഗണനയാണ് പ്രധാന വിഷയം. ഈ സർക്കാരിന് മനുവാദി അജണ്ടയാണ്. 85 ശതമാനം പൗരന്മാരെ അവർ രണ്ടാം തരക്കാരായാണ് കരുതുന്നത്. സംവരണത്തെ ദുർബലമാക്കാനുള്ള നിരന്തര ശ്രമങ്ങളാണ് അരങ്ങേറിയത്. രോഹിത് വെമുല, ഊന, സഹാറൻപൂർ സംഭവങ്ങൾ, ദലിത് യുവാക്കൾക്കെതിരായ പീഡനങ്ങൾ, എസ്.സി/എസ്.ടി നിയമം ദുർബലമാക്കാനുള്ള ശ്രമം. മധ്യപ്രദേശിൽ 27 ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കാനുള്ള നീക്കം, ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം ...ഇതെല്ലാം തെളിയിക്കുന്നത് പട്ടികജാതി, വർഗ വിഭാഗങ്ങളെയും പിന്നോക്കക്കാരെയും ക്രൂശിക്കാനുള്ള സംഘടിതശ്രമമാണ്. 


 

Latest News