ന്യൂദല്‍ഹി- ജെറ്റ് എയര്‍വെയ്‌സ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ജനറല്‍ (ഡി.ജി.സി.എ), വ്യോമയാന സെക്രട്ടറി എന്നിവരുടെ യോഗം വിളിച്ചത്.
ജെറ്റ് എയര്‍വെയ്‌സ് തകര്‍ന്നാലുണ്ടാകുന്ന തൊഴില്‍ നഷ്ടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചിരുന്നു. വിമാന കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു സിവില്‍ വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗിനോട് ആവശ്യപ്പെട്ടു.
ജെറ്റ് എയര്‍വെയ്‌സിന് വായ്പ നല്‍കിയ എസ് ബി ഐ നേതൃത്വത്തിലുള്ള കൂട്ടായ്മ കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ പുതിയ നിക്ഷേപകരെ തേടുകയാണ്.
ഇതിനുള്ള സമയം അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം. ജെറ്റ് എയര്‍വേയ്‌സ് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉള്‍പ്പടെ 80 ശതമാനം വിമാന സര്‍വ്വീസുകളും തിങ്കളാഴ്ച വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.